ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ദുരിതാശ്വാസ ഫണ്ട് അറിഞ്ഞിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാദം കളവ്

സ്വന്തം   പ്രതിനിധി

തിരുവനന്തപുരം: പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ എട്ടു ലക്ഷം ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നു നല്‍കാനുള്ള ഉത്തരവ് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം തെറ്റാണെന്ന് തെളിഞ്ഞു. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് എട്ടു ലക്ഷം അനുവദിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസ് അറിഞ്ഞിരുന്നതായി റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ വ്യക്തമാക്കി.
പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ 6ന് റവന്യൂ വകുപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അഭ്യര്‍ഥന പ്രകാരമാണ് തുക അനുവദിക്കുന്നതെന്നും പി എച്ച് കുര്യന്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്. തുക നല്‍കണമെന്ന് താന്‍ അഭ്യര്‍ഥിച്ചിട്ടില്ലെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വാദവും കളവായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞു.
ഹെലികോപ്റ്ററിനു പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ചീഫ് സെക്രട്ടറിയാണ് കത്ത് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. കത്ത് പരിഗണിച്ച് ഫണ്ട് അനുവദിക്കുന്നതിനു സര്‍ക്കാര്‍ എല്ലാവിധ അനുമതിയും നല്‍കിയതായും തുടര്‍നടപടികള്‍ക്കായി തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് കൈമാറുന്നതായും അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.
ഡിസംബര്‍ 26നു നടത്തിയ യാത്രയ്ക്കായി 13,09,800 രൂപയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് നല്‍കിയ കമ്പനി ആവശ്യപ്പെട്ടത്. എന്നാല്‍, പിന്നീട് ഇത് എട്ടു ലക്ഷമാക്കുകയായിരുന്നു. സാധാരണ മുഖ്യമന്ത്രിയുടെ വിമാനയാത്ര അടക്കമുള്ള ചെലവുകള്‍ പൊതുഭരണ വകുപ്പില്‍ നിന്നാണ് നല്‍കുന്നത്. എന്നാല്‍, കീഴ്‌വഴക്കം ലംഘിച്ചാണ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നു പണം നല്‍കിയത്.
പാര്‍ട്ടി സമ്മേളന പരിപാടിക്കിടെ പെട്ടെന്ന് തലസ്ഥാനത്തെ പരിപാടികളില്‍ പങ്കെടുത്തു തിരികെയെത്താനാണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. എന്നാല്‍, ഓഖി കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട യാത്രയെന്ന കാരണം പറഞ്ഞാണ് പണം അനുവദിച്ചത്. ഇതാണ് വലിയ വിവാദത്തിനു വഴിവച്ചത്.
ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് പി എച്ച് കുര്യന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് വിശദീകരണം നല്‍കി. സര്‍ക്കാരിന് അവമതിപ്പുണ്ടായ വിഷയത്തില്‍ മന്ത്രി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. ചീഫ് സെക്രട്ടറിയുടെ കത്തില്‍ നിയമപരമായ നടപടികള്‍ നിര്‍വഹിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചു. പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും കുര്യന്‍ സന്ദര്‍ശിച്ചു. മകന്റെ വിവാഹം ക്ഷണിക്കാനാണ് പാര്‍ട്ടി ഓഫിസിലെത്തി കാനത്തെ കണ്ടതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും വിവാദങ്ങളും ചര്‍ച്ചയായെന്നാണ് സൂചന.
ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് ഇടപെട്ടാണ് ഹെലികോപ്റ്റര്‍ ബുക്ക് ചെയ്തതെന്ന് വിമാനക്കമ്പനിയായ ചിപ്‌സണ്‍ എയര്‍വെയ്‌സും വ്യക്തമാക്കി.

RELATED STORIES

Share it
Top