ഹെലികോപ്ടര്‍ അപകടം: 4 മൃതദേഹം കണ്ടെടുത്തു

മുംബൈ തീരത്തുനിന്ന് കാണാതായ ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളും 4 യാത്രികരുടെ മൃതദേഹങ്ങളും   കണ്ടെടുത്തു. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്ന് റിപോര്‍ട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലിലാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. തിരച്ചില്‍ തുടരുകയാണെന്ന് കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. ഏഴു പേരാണ് കോപ്റ്ററിലുണ്ടായിരുന്നത്.ഏഴ് ഒഎന്‍ജിസി ജീവനക്കാരുമായി പോയ പവന്‍ ഹാന്‍സ് വിഭാഗത്തില്‍പെട്ട ഹെലികോപ്ടറാണ് കാണാതായത്.
രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡില്‍നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. പിന്നീട് മുംബൈ തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) വിഭാഗം അറിയിച്ചു.രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഏകദേശം 10.58ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ ഹെലികോപ്റ്റര്‍ എത്തിച്ചേരേണ്ടതായിരുന്നു.
കാണാതായ ഹെലികോപ്ടറില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കോതമംഗലം സ്വദേശിയും ഒഎന്‍ജിസിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരുമായ ജോസ് ആന്റണി,വികെ ബാബു എന്നിവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

RELATED STORIES

Share it
Top