ഹൃദയഭേദകം ഈ സ്ത്രീജീവിതങ്ങള്‍

പി അംബിക

കോഴിക്കോട്: ‘’ഞാന്‍ 12 മണിവരെ ഉറങ്ങും. അതുകഴിഞ്ഞ് മോള് കിടക്കും. അങ്ങനെ ഊഴംവച്ചാണ് ഞങ്ങളുറങ്ങാറ്. മഴ ചാറിയാല്‍ വെള്ളം മുഴുവനും അകത്തു തളം കെട്ടും. ഞങ്ങടെ ദുരിതം കാണാന്‍ ആരുമില്ല. വല്ലതും വാങ്ങിക്കഴിച്ച് എല്ലാം അവസാനിപ്പിച്ചാലോ എന്ന് താന്നാറുണ്ട്. രണ്ട് പെങ്കുട്ടികളല്ലേ കൂടെ.”ഇത്രയും പറഞ്ഞ് വിങ്ങിപ്പൊട്ടിയ റാണിയെ ആശ്വപ്പിക്കാനാവാതെ ഞാനും മാധ്യമപ്രവര്‍ത്തകയായ സുഹൃത്തും ആകെ വിഷമത്തിലായി.
നഗര ഹൃദയത്തില്‍ മുതലക്കുളത്തിനോടു ചേര്‍ന്ന് മുത്തുമാരിയമ്മന്‍ കോവിലിനോടു ചേര്‍ന്നുള്ള രണ്ട് മീറ്റര്‍ മാത്രം നീളവും രണ്ടരയടി വീതിയുമുള്ള മുറിയിലാണ് റാണിയും മകള്‍ വിനീതയും അവളുടെ മൂന്നാം ക്ലാസുകാരി മകള്‍ വൈഗയും ദുരിത ജീവതം തള്ളിനീക്കുന്നത്. ഇവര്‍ക്ക് കൂട്ടായി ബ്ലാക്കി എന്ന നടന്‍ പട്ടിയുമുണ്ട്. അവളും അവരോടൊപ്പം തന്നെ ഉള്ള സ്ഥലത്ത് അവര്‍ക്കു കാവലും തുണയുമായുണ്ട്. കാലവര്‍ഷക്കെടുതിയില്‍ ചുവര്‍ രണ്ടായിപ്പിളര്‍ന്ന നിലയില്‍ എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയാണുള്ളത്. 35 വര്‍ഷമായി റാണി ഈ കുടുസ്സുമുറിയിലാണ് താമസം. മൈക്രോബയോളജി ബിരുദമുള്ള മകള്‍ വിനീതയ്ക്ക് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഇവരുടെ ഏക ആശ്രയം.
അലക്കുജോലിയെടുത്താണ് ഇത്രയും കാലം റാണി കുടുംബത്തെ പോറ്റിയത്. കാല്‍പാദത്തില്‍ മുഴവന്ന് അലക്കുജോലി ചെയ്യാനാവാതെ അത് നിര്‍ത്തേണ്ടിവന്നു. ഭര്‍ത്താവ് മരിച്ച് എട്ടുവര്‍ഷമായി. വിനീതയെ വിവാഹം കഴിച്ചത് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലേക്കായിരുന്നു. പിന്നീട് വലിയ സ്ത്രീധനം ആവശ്യപ്പെട്ട് വിനീതയെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. രണ്ടാമത്തെ മകളെ വിവാഹം കഴിച്ചയച്ചതിന്റെ ബാധ്യത ഇനിയും ബാക്കിയാണെന്ന് റാണി പറയുന്നു. കൈയും കാലുമൊന്ന് നിവര്‍ത്തി കിടക്കാന്‍ പോലുമാവാത്ത അവസ്ഥ എന്നതുമാത്രമല്ല, ഏതുസമയവും തകര്‍ന്നു വീഴുമെന്ന അവസ്ഥയിലുമാണ് ഈ കുടുസ്സുമുറി. പഠിക്കാന്‍ മിടുക്കിയായ വൈഗയുടെ പഠനവും വെളിച്ചവും വായുസഞ്ചാരവുമില്ലാത്ത ഈ കൂട്ടിനകത്തുതന്നെയാണ്. പഠനത്തോടൊപ്പം നൃത്തത്തിലും താല്‍പര്യമുള്ള വൈഗയെ സ്‌കൂളിലയക്കാന്‍ തന്നെ കഷ്ടപ്പെടുകയാണ് ഈ കുടുംബം.

RELATED STORIES

Share it
Top