ഹൃദയം മാറ്റിവയ്ക്കാന്‍ ഇന്ത്യന്‍ സഹായം തേടി മുന്‍ പാക് ഹോക്കി ക്യാപ്റ്റന്‍
vishnu vis2018-04-24T23:06:48+05:30

കറാച്ചി: ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനായി ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് മുന്‍ പാകിസ്താന് ഹോക്കി ക്യാപ്റ്റന്‍ മന്‍സൂര്‍ അഹമ്മദ്. ഇന്ത്യയിലെ ഡോക്ടര്‍മാരില്‍ പരിപൂര്‍ണ വിശ്വാസമുണ്ടെന്നും ഇന്ത്യയിലേതുപോലെ പരിചരണം വേറെ എവിടെയും ലഭിക്കില്ലെന്നും മന്‍സൂര്‍ പറഞ്ഞു. കറാച്ചിയില്‍ ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ചൗധരി പര്‍വേസിന്റെ കീഴിലായിരുന്നു മന്‍സൂറിന്റെ ചികില്‍സ നടന്നിരുന്നത്. എന്നാല്‍ രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് മന്‍സൂറിന് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുകയാണ്. ഇതിന് ഏറ്റവും അനുയോജ്യം ഇന്ത്യയിലെ ആശുപത്രികളാണെന്ന ഡോക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് മന്‍സൂര്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ' ഇന്ത്യ എന്റെ കാര്യം പരിഗണിക്കുമെന്നാണ് കരുതുന്നത്. പണമോ സാമ്പത്തിക സഹായമോ എനിക്ക് ആവശ്യമില്ല, ഇന്ത്യയിലേക്ക് വരാന്‍ വിസ അനുവദിച്ചു തന്നാല്‍ മതി - മന്‍സൂര്‍ പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മെഡിക്കല്‍ വിസ അനുവദിച്ചുകൊടുക്കാറുണ്ട്. മന്‍സൂറിന്റെ ചികില്‍സാ ചിലവിനായി ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ഫൗണ്ടേഷന് സഹായം ചെയ്യുന്നുണ്ട്. 1990കളില്‍ പാകിസ്താന് ഹോക്കി ടീം നായകനായിരുന്ന മന്‍സൂര്‍. മൂന്ന് ഒളിംപിക്സിലും മന്‍സൂര്‍ പാകിസ്താന് വേണ്ടി കളിച്ചിട്ടുണ്ട്. 1994ലെ ലോകകപ്പ് ഫൈനലില്‍ നെതര്‍ലന്‍ഡിന്റെ രണ്ട് പെനല്‍റ്റികള്‍ തടഞ്ഞ് പാകിസ്താനെ വിജയത്തിലേക്കെത്തിച്ചത് ഗോള്‍ കീപ്പറായ മന്‍സൂറിന്റെ മികവായിരുന്നു.