ഹൂഡ, ക്രുണാല്‍ വെടിക്കെട്ടില്‍ ബറോഡയ്ക്ക് ജയംരാജ്‌കോട്ട്: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുംബൈക്കെതിരേ ബറോഡയ്ക്ക് തകര്‍പ്പന്‍ ജയം. 13 റണ്‍സിനാണ് മുംബൈയെ ബറോഡ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 210 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 197 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ടോസ് നേടിയ ബറോഡ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.  39 പന്തില്‍ നിന്ന് 66 റണ്‍സോടെ ക്യാപ്റ്റന്‍ ദീപക് ഹൂഡ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍  26 പന്തില്‍ 44 റണ്‍സ് നേടി ക്രൂനാല്‍  പാണ്ഡ്യയും 28 പന്തില്‍ 50 റണ്‍സടിച്ച  ഓപണര്‍  ഉര്‍വില്‍  പട്ടേലും പിന്തുണയേകി. ഇതോടെ ബറോഡ 211 എന്ന കൂറ്റന്‍ വിജയ ലക്ഷ്യം മുംബൈക്ക് സമ്മാനിക്കുകയായിരുന്നു.വമ്പന്‍ വിജയ ലക്ഷ്യത്തെ പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് വേണ്ടി 51 പന്തില്‍ 82 റണ്‍സ് നേടി സിദ്ധേഷ് ലഡ്ഡ് പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാന്‍ അത് മതിയാകുമായിരുന്നില്ല. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ അജിത് ഷേത്തും, ലുക്മാന്‍ മെറിവാളയും കളം വാണതോടെ വിജയ ലക്ഷ്യത്തിന് 13 റണ്‍സ് അകലെ മുംബൈയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.
മറ്റൊരു മല്‍സരത്തില്‍ ഗുജറാത്തിനെ നാല് വിക്കറ്റിന് മഹാരാഷ്ട്ര തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 19.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി മഹാരാഷ്ട്ര വിജയം പിടിച്ചെടുക്കുകയായിരുന്നു. 37 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും പറത്തി 70 റണ്‍സുമായി പുറത്താവാതെ നിന്ന നിഖില്‍ നെയ്ക്കിന്റെ ബാറ്റിങാണ് മഹാരാഷ്ട്രയ്ക്ക് വിജയം സമ്മാനിച്ചത്. നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ ഡിജെ മുത്തുസ്വാമിയുടെ ബൗളിങാണ് ഗുജറാത്തിനെ തകര്‍ത്തത്.

RELATED STORIES

Share it
Top