ഹിസ്ബുല്‍ മുജാഹിദീന്‍ ഭീഷണി: കശ്മീരില്‍ പോലിസ് ഓഫിസര്‍മാരുടെ കൂട്ടരാജി

ശ്രീനഗര്‍: കശ്മീരില്‍ സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാര്‍ കൂട്ടത്തോടെ രാജിവെക്കുന്നു. സായുധര്‍ പോലിസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു പിറകെയാണ് സര്‍വീസില്‍ നിന്നു പോലിസുകാര്‍ രാജിവയ്ക്കുന്നത്. കശ്മീരിലെ സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാര്‍ രാജിവയ്ക്കണമെന്നും ഇല്ലെങ്കില്‍ അവരെ കൊലപ്പെടുത്തുമെന്നും ഹിസ്ബുല്‍ മുജാഹിദീന്‍ ഭീഷണി സന്ദേശം പുറപ്പെടുവിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്നലെ ഷോപ്പിയാനില്‍ മൂന്നു സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇതിനു ശേഷമാണ് എസ്പിഒമാര്‍ കൂട്ടത്തോടെ രാജിവയ്ക്കുന്നത്. ഒന്നുകില്‍ രാജി, അല്ലെങ്കില്‍ മരണം എന്ന ഭീഷണിയായിരുന്നു ഹിസ്ബുല്‍ മുജാഹിദീന്റെ വീഡിയോ സന്ദേശത്തില്‍ ഉണ്ടായിരുന്നത്. രാജിവച്ചുവെന്ന് സ്ഥിരീകരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അഞ്ചിലധികം ഓഫിസര്‍മാരാണ് ഇതുവരെ രാജിവച്ചത്. ”എന്റെ പേര് നവാസ് അഹ്മദ്. കുല്‍ഗാം സ്വദേശിയാണ്. എസ്പിഒയില്‍ ആണ് ജോലി ചെയ്യുന്നത്. ഈ നിമിഷം മുതല്‍ ഞാന്‍ ജോലി രാജിവയ്ക്കുന്നു’’- രാജി പ്രഖ്യാപിച്ചുള്ള പോലിസുകാരന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജിവച്ച മറ്റു പോലിസുകാരും ഇത്തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ഭീഷണിയെ തുടര്‍ന്ന് പോലിസുകാര്‍ രാജിവച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

RELATED STORIES

Share it
Top