ഹിറ്റ്‌ലറുടെ ചാരന്‍ ഉദയാ സ്റ്റുഡിയോയില്‍?

kunjakkoദയാ സ്റ്റുഡിയോയുടെ ആദ്യചിത്രമായിരുന്നു 'വെള്ളിനക്ഷത്രം'. മലയാളത്തിലെ ഏഴാമത്തെ ചിത്രവും. ഈ സിനിമയ്ക്കും ജര്‍മന്‍ ഏകാധിപതി ഹിറ്റ്‌ലര്‍ക്കും തമ്മില്‍ എന്തു ബന്ധം? ഇന്നോളം സ്ഥിരീകരിക്കാത്ത ഈ കഥ 'വെള്ളിനക്ഷത്ര' സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന ഫെലിക്‌സ് ജെ ബെയ്‌സിനെ ചുറ്റിപ്പറ്റിയുള്ളതാണ്. കാമറയ്ക്കും കാമറാമാനുമായുള്ള ഓട്ടത്തിനിടയില്‍ മദിരാശിയിലെ ഒരു ഹോട്ടലില്‍ വച്ച് വളരെ ആകസ്മികമായി ഇദ്ദേഹത്തെ കണ്ടെത്തിയത് ആലപ്പി വിന്‍സന്റ് ആയിരുന്നത്രെ. കൈയിലൊരു ഉഗ്രന്‍ കാമറയുമായി ഭാര്യയുമൊത്ത് നാടന്‍ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാനെത്തിയ സായ്പിനെ കാമറയുണ്ടെന്ന ഒറ്റക്കാരണത്താല്‍ കൊത്തിക്കൊണ്ടു പറക്കുകയായിരുന്നത്രെ വിന്‍സന്റ്. കുഞ്ചാക്കോയ്ക്കും മറ്റു സഹപ്രവര്‍ത്തകര്‍ക്കും കൂടി സായ്പിനെ ബോധിച്ചതോടെ 'വെള്ളിനക്ഷത്ര'ത്തിന്റെ സംവിധാന-ഛായാഗ്രഹണ ചുമതലകള്‍ അദ്ദേഹത്തെ ഏല്‍പിക്കുകയായിരുന്നു. സിനിമ കഴിഞ്ഞതോടെ സായ്പും പത്‌നിയും സ്ഥലംവിടുകയും ചെയ്തു. തന്നെയും ഭാര്യയെയും കുറിച്ച് യാതൊരു വിവരങ്ങളും ഒരു ഫോട്ടോഗ്രാഫ് പോലും അവശേഷിപ്പിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം. ഗീബല്‍സിന്റെ ശിക്ഷണം കിട്ടിയ ഹിറ്റ്‌ലറുടെ ചാരനായിരുന്നു ഇദ്ദേഹമെന്നും ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങള്‍ ചിത്രീകരിച്ച് ജര്‍മനിയില്‍ എത്തിക്കുകയായിരുന്നു ഇയാളുടെ ദൗത്യമെന്നും പില്‍ക്കാലത്ത് അന്വേഷണത്തില്‍ അറിഞ്ഞതായും ആലപ്പി വിന്‍സന്റ് ചേലങ്ങാട് ഗോപാലകൃഷ്ണനോട് പറഞ്ഞത്രെ. വിന്‍സന്റിന്റെ അപേക്ഷപ്രകാരം അദ്ദേഹത്തിന്റെ മരണശേഷം മാത്രം ഇക്കാര്യം ചേലങ്ങാടന്‍ തന്റെയൊരു പുസ്തകത്തില്‍ രേഖപ്പെടുത്തിയതായും ചേലങ്ങാടന്റെ മകന്‍ സാബു ചേലങ്ങാടന്‍ ഓര്‍മിക്കുന്നു.

RELATED STORIES

Share it
Top