ഹിറ്റ്‌ലറുടെ ആദ്യകാലങ്ങളാണ് മോദി ഓര്‍മിപ്പിക്കുന്നത്: ബിനോയ് വിശ്വം

വൈക്കം: കമ്മ്യൂണിസ്റ്റുകാരുടെ ഒന്നാം നമ്പര്‍ ശത്രു ഫാസിസമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം. സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാര്‍ട്ടി കോണ്‍ഗ്രസ് റിപോര്‍ട്ടിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതലാളിത്തത്തിന്റെ ഏറ്റവും അക്രമാസക്തമായ ഘട്ടമാണ് ഫാസിസം. ഫാസിസത്തിന്റെ എറ്റവും ക്രൂരമായ മുഖം ലോകം കണ്ടത് ഹിറ്റ്‌ലറിലൂടെയാണ്. ഹിറ്റ്‌ലറുടെ ആദ്യകാലങ്ങളാണ് ഇന്ന് മോദി ഓര്‍മിപ്പിക്കുന്നത്. വംശീയ വിദ്വേഷം പ്രചരിപ്പിക്കുകയാണ് ഫാസിസ്റ്റുകളുടെ മുഖ്യ അജണ്ട.
ഇന്ത്യയില്‍ ബിജെപിയും ആര്‍എസ്എസും അതാണ് ചെയ്യുന്നത്. ഇവര്‍ക്കെതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യനിര ഉണ്ടാകണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. സി കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ടി എന്‍ രമേശന്‍ അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്‍സുശീലന്‍, ലീനമ്മ ഉദയകുമാര്‍, മണ്ഡലം സെക്രട്ടറി എം ഡി ബാബുരാജ്, സി കെ ആശ എംഎല്‍എ, പിസുഗതന്‍, ജോണ്‍ വി ജോസഫ്, കെ അജിത്ത്, കെ ഡി വിശ്വനാഥന്‍  സംസാരിച്ചു.

RELATED STORIES

Share it
Top