ഹിമാചലില്‍ ട്രക്കിങിനു പോയ 16 പേരെ കാണാതായി

ചംബ (ഹിമാചല്‍പ്രദേശ്): ഹിമാചല്‍പ്രദേശിലേക്ക് ട്രക്കിങിനു പോയ 10 വിദേശികളുള്‍പ്പെടെ 16 പേരെ കാണാതായതായി റിപോര്‍ട്ട്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ട്രക്കിങിനു പോയവരുമായി ബന്ധപ്പെടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്തുന്നതിനായി പോലിസ്, പര്‍വതാരോഹകര്‍ തുടങ്ങിയവരുടെ സംഘം തിരച്ചില്‍ തുടരുകയാണ്.
ഈയാഴ്ച ആദ്യം 45 ഐഐടി വിദ്യാര്‍ഥികള്‍, അഞ്ച് യുഎസ് പൗരന്‍മാര്‍, രണ്ട് ജര്‍മന്‍ പര്‍വതാരോഹകര്‍ എന്നിവരെ ഹിമാചലിന്റെ മഞ്ഞുമൂടിയ പ്രദേശങ്ങളില്‍ നിന്നു രക്ഷിച്ചിരുന്നു. ജില്ലാ ഭരണകൂടവും ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനും (ബിആര്‍ഒ) നടത്തിയ സംയുക്ത തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ശക്തമായ മഴയും മണ്ണിടിച്ചിലും കാരണം മണാലിയിലേക്കുള്ള റോഡുകളെല്ലാം തകരാറിലായതോടെ ലഹോല്‍ താഴ്‌വരയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍.
സപ്തംബര്‍ പകുതിയോടെ സംസ്ഥാനത്തു തുടങ്ങിയ ശക്തമായ മഴയും മഞ്ഞുവീഴ്ചയും തുടരുകയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ തിരച്ചിലും ഭക്ഷണവിതരണവും നടത്തുന്നുണ്ട്. അതേസമയം ഹിമാചലിലെ ഭൂരിഭാഗം റോഡുകളിലും ഗതാഗതം പുനരാരംഭിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

RELATED STORIES

Share it
Top