ഹിന്ദു വിവാഹത്തില്‍ വധുവിന്റെ സമ്മതം നിര്‍ബന്ധം

ന്യൂഡല്‍ഹി: ഹിന്ദുവിവാഹ നിയമത്തില്‍ വധുവിന്റെ സമ്മതം സംബന്ധിച്ച് വ്യക്തത വേണമെന്ന ഹരജി സുപ്രിംകോടതി തള്ളി. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 5(11),7 എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ഹിന്ദു വിവാഹ നിയമത്തിലെ ഈ ചട്ടങ്ങള്‍ ഭരണഘടനയുടെ 14 (നിയമത്തിനു മുന്നിലെ സമത്വം, ജീവിതത്തിന്റെയും), 21 (വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം) എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഹിന്ദു വിവാഹ നിയമത്തില്‍ വിവാഹത്തിന് രണ്ടുപേരുടെയും സമ്മതം നിര്‍ബന്ധമാണെന്നും അതില്‍ ഒരുവ്യക്തതക്കുറവും ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. തന്റെ സമ്മതമില്ലാതെ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചെന്ന പരാതിയുമായി കര്‍ണാടകയിലെ പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകള്‍ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. ഹരജിയില്‍ യുവതിയുടെ രക്ഷിതാക്കള്‍ക്കും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസയച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ്  നോട്ടീസ് അയച്ചത്. കേസ് അടുത്തമാസം അഞ്ചിനു വീണ്ടും പരിഗണിക്കും.
യുവതിക്കു മതിയായ സംരക്ഷണം നല്‍കണമെന്നും ഇന്നലെ ഹരജി പരിഗണി—ക്കുന്നതിനിടെ കോടതി ഡല്‍ഹി പോലിസിനു നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്ന് യുവതിയെ ഡല്‍ഹി വനിതാ കമ്മീഷന്റെ സംരക്ഷണയിലേക്കു മാറ്റി. താന്‍ മറ്റൊരു ജാതിയില്‍പെട്ട യുവാവുമായി പ്രണയത്തിലായിരുന്നെന്നും അതിനാല്‍ മാതാപിതാക്കള്‍ തന്നെ നിര്‍ബന്ധിപ്പിച്ച് മറ്റൊരാളുമായി വിവഹം കഴിപ്പിക്കുകയായിരുന്നുവെന്നുമാണ്   യുവതി ഹരജിയില്‍ ചൂണ്ടിക്കാണിച്ചത്.  സ്ത്രീകളുടെ സമ്മതം വിവാഹത്തിന് ആവശ്യമാണെന്നതു സംബന്ധിച്ച് ഹിന്ദു വിവാഹനിയമത്തില്‍ വ്യക്തതയില്ല.
ഈ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് സുപ്രിംകോടതി വ്യക്തത വരുത്തണമെന്നും അഭിഭാഷക ഇന്ദിര ജയ്‌സിങ്  ആവശ്യപ്പെട്ടു. എന്നാല്‍, ഹിന്ദു വിവാഹനിയമത്തിലെ 5, 11, 12 (സി) വകുപ്പുകളില്‍ സ്ത്രീയുടെ സമ്മതം നിര്‍ബന്ധമാണെന്നു പറയുന്നുണ്ടെന്ന് ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. പരസ്പര സമ്മതമില്ലാതെ നടക്കുന്ന വിവാഹങ്ങള്‍ അസാധുവാണ്. മറിച്ച് ബലപ്രയോഗത്തിലൂടെയോ മറ്റോ ഒരുസ്ത്രീയുടെ വിവാഹം നടന്നാല്‍ അവര്‍ക്ക് ബന്ധപ്പെട്ട കോടതികളെ സമീപിക്കാവുന്നതുമാണെന്നും കോടതി വ്യക്തമാക്കി. ഹേബിയസ് കോര്‍പ്‌സ് ഹരജിയില്‍ വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതിയുടെ വിവാദ വിധി റദ്ദാക്കിയ  ഡോ. ഹാദിയ കേസും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. വിവാഹം റദ്ദാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കുടുംബ കോടതികളാണ് തീരുമാനമെടുക്കേണ്ടത്.
സ്ത്രീക്ക് അവരുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പോവാന്‍ താല്‍പര്യമില്ലെങ്കില്‍ ഒരാള്‍ക്കും അവരെ അതിനു നിര്‍ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

RELATED STORIES

Share it
Top