ഹിന്ദു ഏകതാ അഗാദി നേതാവ് പോലിസ് കസ്റ്റഡിയില്‍

പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ ഭീമ കൊരേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികാചരണത്തില്‍ പങ്കെടുക്കാനെത്തിയ ദലിതര്‍ക്കു നേരെ നടന്ന ആക്രമണത്തിനു നേതൃത്വം നല്‍കിയ ഹിന്ദു ഏകതാ അഗാദി നേതാവ് മിലിന്ദ് എക്‌ബോതെയെ ഈ മാസം 19 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ എക്‌ബോതെയെ ശിവാജി നഗര്‍ ജില്ലാ കോടതി സ്‌പെഷ്യല്‍ ജഡ്ജി പി സി ഭഗുരീതാണ് പോലിസ് കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് എക്‌ബോതെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളിയിരുന്നു. കലാപത്തിന് ജനങ്ങളോട് ആഹ്വാനം ചെയ്തത് മൊബൈല്‍ ഫോണിലൂടെയാണെന്നും കേസിലെ പ്രധാന തെളിവായ ഈ ഫോണ്‍ കണ്ടെടുത്തിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വലാ പവാര്‍ വാദിച്ചു. എക്‌ബോതെയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നു കലാപത്തില്‍ അദ്ദേഹത്തിനുള്ള പങ്ക് വ്യക്തമാണ്.എന്നാല്‍, അദ്ദേഹം കേസുമായി സഹകരിക്കാന്‍ തയ്യാറാവുന്നില്ല. കലാപത്തിന്റെ അടുത്ത ദിവസങ്ങളില്‍ സോണായി ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ എക്‌ബോതെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിന് തെളിവുണ്ട്. ഇവ അച്ചടിക്കാനുപയോഗിച്ച കംപ്യൂട്ടറും പ്രിന്ററും കലാപത്തിന് ആഹ്വാനം ചെയ്ത മൊബൈല്‍ ഫോണും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പോലിസ് കസ്റ്റഡി അനിവാര്യമാണെന്നുമുള്ള ഉജ്ജ്വലാ പവാറിന്റെ വാദം പരിഗണിച്ചാണ് കോടതി നടപടി. മിലിന്ദ്് എക്‌ബോതെയെ അറസ്റ്റ് ചെയ്യുന്നതിനെതിരേ ഹിന്ദുത്വവാദികളില്‍ നിന്നു ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

RELATED STORIES

Share it
Top