ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഏറ്റെടുക്കല്‍: കേന്ദ്രത്തിന് കത്ത് നല്‍കി

തിരുവനന്തപുരം: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് ഏറ്റെടുക്കാന്‍ തയ്യാറാണെന്നു കാണിച്ച് സംസ്ഥാന വ്യവസായ വകുപ്പ് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വ്യവസായ മന്ത്രി എ സി മൊയ്തീന്‍ കേന്ദ്ര വ്യവസായ മന്ത്രി ആനന്ദ് ഗീതെക്കാണ് കത്തയച്ചത്.
അഞ്ചുവര്‍ഷമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എച്ച്എന്‍എല്‍. എന്നാല്‍, നാളിതു വരെ കേന്ദ്രസര്‍ക്കാരില്‍ നിന്നോ മാതൃസ്ഥാപനമായ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷനില്‍ നിന്നോ യാതൊരു സഹായവും ലഭിച്ചിട്ടില്ല. മറിച്ച് കേരളം  നഷ്ടം സഹിച്ചും ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ കുറഞ്ഞ നിരക്കില്‍ ഈ സ്ഥാപനത്തിനു നല്‍കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയും ഉദാര സ്വകാര്യവല്‍ക്കരണ നയവുമാണ് അവയെ നഷ്ടത്തിലേക്കു തള്ളിവിട്ടത്.
മുഖ്യമന്ത്രി ഈ വിഷയം ഉന്നയിച്ച് നിരവധി തവണ കേന്ദ്രത്തിന് കത്തയച്ചിരുന്നു. മാത്രമല്ല, ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഏറ്റെടുക്കാന്‍ നിയമസഭ ഉള്‍പ്പെടെ ഐകകണ്‌ഠ്യേന പ്രമേയവും  പാസാക്കിയിരുന്നു. എന്നാല്‍, ഒരു അനുകൂല നിലപാടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സ്ഥാപനം ലേലത്തില്‍ വയ്ക്കാനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതിനു മുമ്പ് കേരള സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top