ഹിന്ദുയിസത്തെ ബിജെപി താലിബാന്‍ ആക്കുന്നു: തരൂര്‍

തിരുവനന്തപുരം: ബിജെപിക്കും സംഘപരിവാരത്തിനുമെതിരേ രൂക്ഷവിമര്‍ശനവുമായി വീണ്ടും ശശി തരൂര്‍ എംപി. തന്നോട് പാകിസ്താനിലേക്ക് പോവാന്‍ പറയാന്‍ ബിജെപിക്ക് ആരാണ് അധികാരം കൊടുത്തിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
അവരെപ്പോലുള്ള ഹിന്ദുവല്ല എങ്കില്‍ താനിവിടെ ജീവിക്കേണ്ട എന്നാണ് അവരുടെ നിലപാട്. ഹിന്ദുയിസത്തില്‍ താലിബാനിസം വരാന്‍ തുടങ്ങിയോ. ഗുണ്ടായിസം കാണിച്ചാണ് തന്റെ ചോദ്യങ്ങള്‍ക്ക് ബിജെപിക്കാര്‍ മറുപടി നല്‍കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. യുഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹിഷ്ണുത മാത്രമല്ല, ഇതര സംസ്‌കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുന്നതും ഹിന്ദുമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ പെട്ടതാണെന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളത്.
സ്വാമി വിവേകാനന്ദനെ ബിജെപി ഇടയ്ക്കിടെ എടുത്ത് ഉപയോഗിക്കുന്നുണ്ട്. വിവേകാനന്ദന്‍ മുന്നോട്ടു വച്ച ഹൈന്ദവ ആശയങ്ങള്‍ തന്നെയാണോ ബിജെപി പിന്തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ ഭരണഘടനയെ അട്ടിമറിച്ചു ബിജെപി അജണ്ട നടപ്പില്‍ വരാന്‍ സമ്മതിക്കരുത്.
ബിജെപിയെ നേരിടുന്നതില്‍ സിപിഎമ്മിനു വന്ന വീഴ്ചകള്‍ നമ്മള്‍ ചൂണ്ടിക്കാട്ടേണ്ടതുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കാനുള്ള ശ്രമമാണ് ബിജെപിയുടേതെന്ന പ്രസ്താവനയുടെ പേരില്‍ സംഘപരിവാര സംഘടനകള്‍ തരൂരിനെതിരേ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തരൂരിന്റെ ഓഫിസില്‍ അക്രമം നടത്തിയിരുന്നു.
അതിനിടെ, ഇന്നലെ തിരുവനന്തപുരം പാച്ചല്ലൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തരൂരിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അതേസമയം, കോണ്‍ഗ്രസ് രാമായണ മാസാചരണം സംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ വിചാര്‍ വിഭാഗമാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പരിപാടി ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ താന്‍ അതില്‍ പങ്കെടുക്കുമായിരുന്നു. വിചാര്‍ വിഭാഗം മുമ്പും ബൗദ്ധിക തലത്തിലുള്ള ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതിലെല്ലാം താന്‍ പങ്കെടുത്ത് സംസാരിച്ചിട്ടുണ്ട്. ഇനിയും അത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. ബിജെപിയെ ഒറ്റക്കെട്ടായി എതിര്‍ക്കുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. അതിനായി എല്ലാ പ്രവര്‍ത്തകരും ഒരുമിച്ചു നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു.
കെപിസിസിയുടെ നിയന്ത്രണത്തിലുള്ള കെപിസിസി വിചാര്‍ വിഭാഗാണ് രാമായണമാസം ആചരിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കര്‍ക്കടകം ആരംഭിക്കുന്ന ഇന്നലെ തൈക്കാട് ഗാന്ധിഭവനില്‍ രാമായണമാസാചാരണ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍, ഇതിനെതിരേ കെ മുരളീധരന്‍ എംഎല്‍എ, കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നതോടെ പരിപാടി ഉപേക്ഷിക്കുകയായിരുന്നു.

RELATED STORIES

Share it
Top