ഹിന്ദുത്വ ഭീകരതയ്‌ക്കെതിരേ ജനങ്ങളുടെ ഉണര്‍വ് സ്വാഗതാര്‍ഹം: എസ്ഡിപിഐ

കോഴിക്കോട്: ജമ്മുകശ്മീരിലെ കഠ്‌വ ജില്ലയില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഹിന്ദുത്വ ഭീകരതയ്‌ക്കെതിരേ രാജ്യത്തുണ്ടായ ജനങ്ങളുടെ ഉണര്‍വ് സ്വാഗതാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി.ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താലിനു കിട്ടിയ വന്‍ ജനപിന്തുണ ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് പൊറ്റമ്മല്‍ എസ്ഡിപിഐ ഓഫിസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനതീതമായി  പ്രവര്‍ത്തിക്കുന്ന യുവജന ക്ലബ്ബുകള്‍ ഏറ്റെടുത്ത ഹര്‍ത്താലിന്റെ വിജയം എസ്ഡിപിഐക്ക് മേല്‍ ചാര്‍ത്തുന്നത്് ബിജെപിക്കെതിരേ ഉയര്‍ന്ന പൊതുവികാരത്തില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണ്.  ചിലയിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ ഹര്‍ത്താലിന്റെ വിജയത്തില്‍ വിറളി പൂണ്ടവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. ഹര്‍ത്താലിനോട് അനുബന്ധിച്ച് വ്യത്യസ്ത പാര്‍ട്ടികളില്‍പ്പെട്ടവരും പാര്‍ട്ടി ബന്ധമൊന്നുമില്ലാത്തവരുമായ നൂറുകണക്കിനാളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ 20ല്‍ താഴെ ആളുകള്‍ മാത്രമാണ് എസ്ഡിപിഐക്കാര്‍. ഹര്‍ത്താലിനോട് അനുബന്ധിച്ച്് കേസില്‍പ്പെട്ട ആര്‍ക്കും നിയമസഹായം നല്‍കാന്‍ എസ്ഡിപിഐ ഒരുക്കമാണ്.
പശുവിന്റെ പേരില്‍ മുസ്ലിംകള്‍ക്കും ദലിതുകള്‍ക്കും നേരെ ക്രൂരമായ ആക്രമണങ്ങളില്‍ തുടങ്ങിയ ഫാഷിസ്റ്റ് ഭീകരത കഠ്വ സംഭവത്തോടെ പൈശാചികതയുടെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു. ആരുടെയെങ്കിലും വികാരത്തിന്റെയോ, ക്രിമിനലിസത്തിന്റെയോ പ്രതിഫലനമല്ല ഇത്തരം സംഭവങ്ങള്‍. സംഘപരിവാര സംഘടനകള്‍ അണികള്‍ക്കു നല്‍കുന്ന വംശവെറി വിദ്യാഭ്യാസത്തിന്റെ ഫലമാണിവ. ഉന്നാവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ബിജെപി എംഎല്‍എ അടക്കമുള്ള നേതാക്കള്‍ക്കെതിരേ പരാതി നല്‍കിയതിന്റെ പേരിലാണു കൊല്ലപ്പെട്ടത്. മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിധി പ്രസ്താവത്തിനു പിറകെ ജഡ്ജി രാജി വച്ചതിനു കാരണം കുറ്റബോധമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
കഠ്വ പെണ്‍കുട്ടിയുടെ കുടുംബവും കേസ് ഏറ്റെടുത്ത വക്കീലും ജീവനു ഭീഷണിയുണ്ടെന്നു സുപ്രിംകോടതിയെ അറിയിച്ചിരിക്കുന്നു. ആര്‍എസ്എസും ബിജെപിയും ഉയര്‍ത്തുന്ന ഇത്തരം ഭീഷണിക്കെതിരേ പ്രതിഷേധവും പ്രതിരോധവും ശക്തിപ്പെടേണ്ടതുണ്ടെന്നും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.  വാര്‍ത്താ സമ്മേളനത്തി ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി പങ്കെടുത്തു.

RELATED STORIES

Share it
Top