ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതുന്നു: മന്ത്രി വി എസ് സുനില്‍കുമാര്‍

തൃശൂര്‍: മാറ്റിനിര്‍ത്തപ്പെട്ടവര്‍ പങ്കുചോദിക്കുന്നു എന്ന പ്രമേയത്തില്‍ കലാലയം സാംസ്‌കാരിക വേദി തൃശൂരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവത്തിന് പ്രൗഢ തുടക്കം. ടൗ ണ്‍ഹാളില്‍ നാല് ദിനങ്ങളിലായി നടക്കുന്ന സാംസ്‌കാരിക സംഗമം മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്ത് ഫാഷിസം നടപ്പാക്കിക്കഴിഞ്ഞെന്നും അതിന്റെ ഫലങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സവര്‍ണ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. ആസൂത്രിതമായി ജനതയെ വര്‍ഗീയമായി വേര്‍തിരിച്ച് സമൂഹത്തില്‍ കലാപമുണ്ടാക്കാനാണ് ശ്രമം. ഇതിനായി വിഭ്രാന്തികളും ആശയക്കുഴപ്പങ്ങളും വളര്‍ത്തുന്നു. പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്ന സാഹചര്യം ജാഗ്രതയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യണം. സാമ്രാജ്യത്വവുമായും പണാധിപത്യ ശക്തികളുമായും കൂട്ടുചേര്‍ന്നാണ് ഫാഷിസം വളരുന്നത്. അതിനെ ചെറുക്കാന്‍ ജാതിമത വേര്‍തിരിവുകളില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്കായി നിലകൊള്ളുകയാണ് വേണ്ടത്. രാജ്യത്തിന്റെ ബഹുസ്വര സാംസ്‌കാരിക പൈതൃകത്തെ കുറിച്ച് ശരിയായ ബോധ്യമുള്ളവരുടെ കൂട്ടായ്മ പടുത്തുയര്‍ത്തിയാണ് ഫാഷിസത്തെ എതിര്‍ക്കേണ്ടത്. കേരളത്തിന്റെ ചരിത്രത്തില്‍ ഹിന്ദു സമുദായത്തിനകത്തു നിന്നു തന്നെയുള്ള കീഴാള വിഭാഗക്കാരാണ് സവര്‍ണതക്കെതിരായ നവോത്ഥാന മുന്നേറ്റത്തിനു തിരികൊളുത്തിയത്. ഈഴവന് വഴി നിഷേധിച്ചത് ഇവിടുത്തെ മുസ്‌ലിങ്ങളോ ക്രിസ്ത്യാനികളോ അല്ലെന്ന് അവര്‍ക്ക് നന്നായറിയാമായിരുന്നു. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവര്‍ ഒന്നിക്കണമെന്ന സംഘ്പരിവാര്‍ മുദ്രാവാക്യം അപകടകരമാണ്. നാടിന്റെ ജനാധിപത്യവും മതേതരത്വവും തകര്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ മുഖ്യാഥിതിയായിരുന്നു. സാഹിത്യകാരന്‍ കെ പി രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി.  ഡോ. വി കെ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ആരംഭിച്ച പുസ്തകോത്സവം വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. സി കെ എം ഫാറൂഖ്, മുഹമ്മദലി കിനാലൂര്‍ പ്രസംഗിച്ചു. കവിയരങ്ങില്‍ വി ജി തമ്പി, കുഴൂര്‍ വിത്സണ്‍, മോഹന്‍ അറക്കല്‍, പ്രദീപ് രാമനാട്ടുകര, അബ്ദുല്ല പേരാമ്പ്ര, നൗഫല്‍ പനങ്ങാട് കവിതകള്‍ അവതരിപ്പിച്ചു.

RELATED STORIES

Share it
Top