ഹിന്ദുത്വ ദേശീയവാദത്തിന് ഹൈന്ദവ സംസ്‌കാരവുമായി ബന്ധമില്ല: രാം പുനിയാനി

തൃശൂര്‍: ഇന്ത്യന്‍ ദേശീയതക്ക് ഒരിക്കലും മതാത്മകമാകാന്‍ കഴിയില്ലെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ആ—ക്ടിവിസ്ടുമായ രാംപുനിയാനി. കലാലയം സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന പഠനശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു ദേശീയത, മുസ്‌ലിം ദേശീയത എന്നെല്ലാം പ്രചരിപ്പിക്കുന്നത് രാജ്യത്തിന്റെ മതസൗഹാര്‍ദത്തില്‍ അധിഷ്ഠിതമായ ചരിത്രത്തെ അട്ടിമറിക്കുന്നതിന് തുല്യമാണ്.
മതം ഒരിക്കലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. മതങ്ങള്‍ രാജ്യത്തിന് ശക്തി പകര്‍ന്നിട്ടേയുള്ളൂ. അതിനെ വര്‍ഗീയമാക്കുന്നതാണ് രാജ്യത്തെ തളര്‍ത്തുന്നത്. തൊഴിലില്ലായ്മയും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നതുമല്ല, ക്ഷേത്ര നിര്‍മാണമാണ് പ്രധാന അജന്‍ഡയാക്കുന്നത്. ഹിന്ദു ദേശീയ വാദത്തിന് ഹൈന്ദവ സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ല. അത്തരം വാദങ്ങളുയര്‍ത്തുന്നത് സവര്‍ണ-സമ്പന്ന വിഭാഗത്തിന്റെ സാമൂഹിക മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുന്നതിന് വേണ്ടി മാത്രമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കും അധികാരം കൈപ്പിടിയിലൊതുക്കുന്നതിനുമായി മതത്തെ ഉപയോഗപ്പെടുത്തുകയാണ് സംഘ്പരിവാര്‍ ശക്തികള്‍ ചെയ്യുന്നതെന്ന് രാംപുനിയാനി പറഞ്ഞു.
സ്വാതന്ത്ര്യ സമര കാലത്ത് രൂപവത്കരിക്കപ്പെട്ട മുസ്‌ലിം ലീഗിനും ഇസ്‌ലാം മതവുമായി ബന്ധമുണ്ടായിരുന്നില്ല. മുസ്‌ലിം ലീഗ് രൂപവത്കരിച്ച മുഹമ്മദലി ജിന്ന യഥാര്‍ത്ഥത്തില്‍ മതേതര വാദിയായ സ്വാതന്ത്യ സമര സേനാനിയായിരുന്നു. എന്നാല്‍, പാക്കിസ്ഥാന്‍ എന്ന ആശയം മറ്റാരൊക്കെയോ ചേര്‍ന്ന് അദ്ദേഹത്തില്‍ കുത്തിവെക്കുകയായിരുന്നു എന്ന് ചരിത്രം കൃത്യമായി പരിശോധിച്ചാല്‍ കാണാന്‍ കഴിയും. മുസ്‌ലിമായ മൗലാന അബ്ദുല്‍ കലാം ആസാദ് മുസ്‌ലിം ലീഗിലോ ഹിന്ദുവായിരുന്ന ഗാന്ധി ആര്‍ എസ് എസിലോ ചേര്‍ന്നിരു—ന്നില്ല. വിശ്വാസങ്ങളെയും മത ആശയങ്ങളെയും മാനവികതക്കും മനുഷ്യ നന്മക്കും വേണ്ടിയാണ് അവരെ പോലുള്ള നേതാക്കള്‍ ഉപയോഗപ്പെടുത്തിയത്. ചരിത്രത്തില്‍ ഇടം നേടിയ വ്യക്തികളെ അപരവത്കരിക്കാനുള്ള നീക്കവും ഹിന്ദുത്വ ശക്തികള്‍ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നു.   പശുവിന്റെ പേരില്‍ ആളുകളെ കൊല്ലുന്നവര്‍ തെരുവുകളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഭക്ഷിക്കുന്ന ഗോമാതാക്കളെ സംരക്ഷിക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് പുനിയാനി ചോദിച്ചു. വേദകാല ഘട്ടത്തില്‍ ബ്രാഹ്മണന്മാര്‍ ഗോമാംസം കഴിച്ചിരുന്നു എന്നതാണ് യാഥാര്‍ഥ്യം. മതസൗഹാര്‍ദ അന്തരീക്ഷം നിലനില്‍ക്കുന്ന കേരളം രാജ്യത്തിനു തന്നെ മാതൃകയാണെന്നും പുനിയാനി പറഞ്ഞു. സ്‌നേഹം, സൗഹാര്‍ദം തുടങ്ങിയ മൂല്യങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ തിരുത്താന്‍ കഴിയണമെന്നും  ശരിയായ അറിവു പ്രചരിപ്പിച്ച് സാമൂഹികാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് സാമൂഹിക മാധ്യമങ്ങളെയടക്കം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കലാലയം സമിതി ചെയര്‍മാന്‍ മുഹമ്മദലി കിനാലൂര്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളില്‍ ഡോ. പികെ പോക്കര്‍, ഡോ. കെ എസ് മാധവന്‍, കെ കെ ബാബുരാജ്, സി കെ അബ്ദുല്‍ അസീസ്, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, മുസ്തഫ പി എറയ്ക്കല്‍, ഒ പി രവീന്ദ്രന്‍ സംസാരിച്ചു. വി ആര്‍ അനൂപ് വിഷയാവതരണം നടത്തി. സി എന്‍ ജാഫര്‍ സ്വാഗതവും സി കെ എം ഫാറൂഖ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സൂഫി സംഗീത സദസ്സിന് സയ്യിദ് ഫസല്‍ തങ്ങള്‍ നേതൃത്വം നല്‍കി. മെഹ്ഫൂസ് കമാലും സംഘവും ഗസല്‍ ആലപിച്ചു.

RELATED STORIES

Share it
Top