ഹിന്ദുത്വ ചിന്താ കേന്ദ്രം ഇന്ത്യ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ പലതും കോപ്പിയടി


ന്യൂഡല്‍ഹി: പ്രമുഖ വലതുപക്ഷ ചിന്താ കേന്ദ്രമായ ഇന്ത്യഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ പലതും കോപ്പിയടി. ആള്‍ട്ട് ന്യൂസ് വെബ് പോര്‍ട്ടലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ദേശിയതാ പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണുന്ന സ്വതന്ത്ര ഗവേഷണ കേന്ദ്രമെന്നാണ് ഇന്ത്യ ഫൗണ്ടേഷന്‍ അവകാശപ്പെടുന്നത്. സംഘപരിവാര നേതാക്കളും കേന്ദ്രമന്ത്രിമാരുമുള്‍പ്പെടുന്നവരാണ് ഇന്ത്യ ഫൗണ്ടേഷന് നേതൃത്വം നല്‍കുന്നത്. സുരേഷ് പ്രഭു, നിര്‍മല സീതാരാമന്‍, എം ജെ അക്ബര്‍, ജയന്ത് സിന്‍ഹ, സ്വപന്‍ ദാസ് ഗുപ്ത, ശൗര്യ ഡോവല്‍, റാം മാധവ് തുടങ്ങിയ പ്രമുഖര്‍ ഇതിന്റെ ഡയറക്ടമാരില്‍ ഉള്‍പ്പെടുന്നു.

യുഎസ്-ചൈന വ്യാപാര ബന്ധവും അതിന്റെ ഇന്ത്യക്കു മേലുള്ള പ്രത്യാഘാതവും, ഇന്ത്യ ആന്റ് ബ്രിക്ക്‌സ്, ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുരക്ഷാ വിഷയങ്ങള്‍ തുടങ്ങി ശ്രദ്ധേയമായ പല വിഷയങ്ങളിലും വെബ്‌സൈറ്റ്  പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ കോപ്പയടിയാണെന്നാണ് വ്യക്തമാവുന്നത്. ചുരുങ്ങിയത് അഞ്ച് ലേഖനങ്ങളെങ്കിലും പൂര്‍ണമായോ ഭാഗികമായോ വിവിധ ഇടങ്ങളില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് ആള്‍ട്ട് ന്യൂസ് തെളിവ് സഹിതം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സിദ്ദാര്‍ഥ് സിങ് എന്നയാളാണ് ഈ ലേഖനങ്ങളെല്ലാം എഴുതിയിട്ടുള്ളത്. മറ്റുള്ളവരുടെ ആശയങ്ങളും വാക്കുകളും യാതൊരു കടപ്പാടും വയ്ക്കാതെ തന്റേതെന്ന പേരില്‍ പ്രസിദ്ധീകരിക്കുകയാണ് ലേഖകന്‍ ചെയ്തിട്ടുള്ളത്.

ഉദാഹരണത്തിന് യുഎസ്-ചൈന വ്യപാര യുദ്ധവും ഇന്ത്യയുടെ മേലുള്ള അതിന്റെ പ്രത്യാഘാതവും എന്ന ലേഖനം ഭൂരിഭാഗവും വിവിധ ഇടങ്ങളില്‍ നിന്നായി കട്ട് ആന്റ് പേസ്റ്റ് ചെയ്തതാണ്. ലേഖനത്തിന്റെ ആദ്യ ഖണ്ഡിക തന്നെ സൗത്ത് ചൈന മോണിങ് പോസ്റ്റ് പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ വന്ന ലേഖനത്തിന്റെ ഭാഗമാണ്. രണ്ടാമത്തെ ഖണ്ഡിക സൗത്തേണ്‍ കാലഫോണിയ യൂണിവേഴ്‌സിറ്റിയിലെ യുഎസ് ചൈന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസിദ്ധീകരണത്തില്‍ നിന്ന് കോപ്പി ചെയ്തതാണ്. അടുത്ത രണ്ടു ഖണ്ഡികകള്‍ കട്ടെടുത്തത് ചൈന-യുഎസ് വ്യാപാര ബന്ധത്തെക്കുറിച്ചുള്ള കോണ്‍ഗ്രഷനല്‍ റിസര്‍ച്ച് സര്‍വീസിന്റെ പ്രസിദ്ധീകരണത്തില്‍ നിന്ന്. വ്യാപാര യുദ്ധം ഇന്ത്യയെ എങ്ങിനെ ബാധിക്കുന്നു എന്ന ഭാഗം ഇന്ത്യന്‍ എക്‌സ്പ്രസില്‍ അനില്‍ സസി എഴുതി ലേഖനത്തില്‍ നിന്നാണ് എടുത്തത്. സമാനമാണ് മറ്റു  പല ലേഖനങ്ങളുടെയും സ്ഥിതി.

കേന്ദ്രമന്ത്രിമാര്‍ ഡയറക്ടര്‍മാരായിട്ടുള്ളതും സ്വതന്ത്രമായ തത്വങ്ങളുടെയും ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ഗവേഷണ സ്ഥാപനമായ ഇന്ത്യ ഫൗണ്ടേഷന്‍ നഗ്‌നമായ ഇത്തരം കോപ്പിയടിക്ക് കൂട്ടുനില്‍ക്കുന്നുവെന്നത് ദയനീയമാണെന്ന് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top