ഹിന്ദി നിര്‍ബന്ധമാക്കണമെന്ന ഹരജി തള്ളിന്യൂഡല്‍ഹി: സ്‌കൂളുകളില്‍ എട്ടാം ക്ലാസു വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന ബിജെപി നേതാവിന്റെ പൊതു താല്‍പര്യ ഹരജി സുപ്രിംകോടതി തള്ളി. ഇന്ന് ഹിന്ദി നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കിയാല്‍ നാളെ ആരെങ്കിലും സംസ്‌കൃതമോ പഞ്ചാബിയോ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഹിന്ദി ഭാഷ പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍ നിലവില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതെല്ലാം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ്. ഇക്കാര്യത്തില്‍  ഉത്തരവിടാന്‍  എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍, താങ്കള്‍ എന്തിനാണ് കോടതിയില്‍ വന്നതെന്നും താങ്കള്‍ ഒരു ബിജെപിക്കാരനാണെന്നും പറയുന്നുണ്ടല്ലോ, താങ്കളുടെ പാര്‍ട്ടിയാണ് അധികാരത്തിലുള്ളത്. അതിനാല്‍ ഈ ആവശ്യവുമായി എന്തു കൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാത്തതെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഹരജിക്കാരനോട് ആരാഞ്ഞു.

RELATED STORIES

Share it
Top