ഹിഡിങ്ക് ചെല്‍സി പരിശീലകസ്ഥാനത്തേക്ക്‌

ലണ്ടന്‍: വ്യാഴാഴ്ച പരിശീലകസ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ജോസ് മൊറീഞ്ഞോയ്ക്കു പകരം ചെല്‍സിയുടെ താല്‍ക്കാലിക കോച്ചായി ഡച്ചുകാരനായ ഗസ് ഹിഡിങ്ക് വന്നേക്കുമെന്ന് റിപോര്‍ട്ട്. ക്ലബ്ബുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ ഹിഡിങ്ക് ഇംഗ്ലണ്ടിലെത്തിയതായി സൂചനകളുണ്ട്. ചെല്‍സിയുടെ മുന്‍ സ്‌ട്രൈക്കര്‍ മത്തേയ കെസ്മാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. താന്‍ ചെല്‍സി കോച്ചായി സ്ഥാനമേല്‍ക്കുമെന്ന് ഹിഡിങ്ക് അറിയിച്ചതായി കെസ്മാന്‍ പറഞ്ഞു.
കോച്ചാവുകയാണെങ്കില്‍ ചെല്‍സിക്കൊപ്പം ഹിഡിങ്കിന് രണ്ടാമൂഴമായിരിക്കും ഇത്. നേരത്തേ 2009ല്‍ അദ്ദേഹം ടീമിനെ പരിശീലിപ്പിച്ചിരുന്നു. ചെല്‍സിക്കൊപ്പം എഫ്എ കപ്പ് കിരീടവിജയത്തിലും ഹിഡിങ്ക് പങ്കാളിയായിട്ടുണ്ട്.
ലോക ഫുട്‌ബോളിലെ ഗ്ലാമര്‍ കോച്ചുമാരുടെ നിരയിലാണ് ഹിഡിങ്കിന്റെ സ്ഥാനം. ഡച്ച് ടീം പിഎസ്‌വി ഐന്തോവനൊപ്പമാണ് ഹിഡിങ്ക് ഏറ്റവുമധികം നേട്ടങ്ങള്‍ കൊയ്തത്. ടീമിന് ആറു തവണ ഡച്ച് ലീഗ് കിരീടം സമ്മാനിച്ച ഹിഡിങ്ക് ഒരു തവണ യൂറോപ്യന്‍ കപ്പും നേടിക്കൊടുത്തിട്ടുണ്ട്.
ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ, റഷ്യ ദേശീയ ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 2009ല്‍ ചെല്‍സി പരിശീലകസ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ശേഷം തുര്‍ക്കി, റഷ്യന്‍ ക്ലബ്ബ് അന്‍സി മകാച്കല, ഹോളണ്ട് എന്നീ ടീമുകളെയും ഹിഡിങ്ക് പരിശീലിപ്പിച്ചു. 2016ലെ യൂറോ കപ്പിലേക്ക് ഹോളണ്ടിനു യോഗ്യത നേടിക്കൊടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഈ വര്‍ഷം ജൂണില്‍ അദ്ദേഹം പരിശീലകസ്ഥാനമൊഴിയുകയായിരുന്നു.

RELATED STORIES

Share it
Top