ഹിജാബ് ധരിച്ച 11കാരിക്ക് കാനഡയില്‍ ആക്രമണം

ഒട്ടാവ: കാനഡയിലെ ടൊറോന്റോയില്‍ ഹിജാബ് ധരിച്ച 11കാരിക്കു നേരെ ആക്രമണം. പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ  യുവാവ് ഹിജാബ് കത്രിക കൊണ്ട് മുറിച്ചു നീക്കാന്‍ ശ്രമിക്കുകയായിരുന്നു. പൗലിന്‍ ജോണ്‍സ് പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ഖൗല നുമാന്‍ ആണ് ആക്രമിക്കപ്പെട്ടത്. കുട്ടിയെ പിന്തുടര്‍ന്നെത്തിയ അക്രമി രണ്ടു തവണ ഹിജാബ് കീറാന്‍ ശ്രമിച്ചതായി പോലിസ് അറിയിച്ചു.
സഹോദരനൊപ്പം സ്‌കൂളിലേക്കു പോവുമ്പോള്‍  പിറകെ എത്തിയ അക്രമി ഹിജാബ് മുറിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി കരഞ്ഞു ബഹളം വച്ചതോടെ ഇയാള്‍ പിന്‍മാറി. എന്നാല്‍, വീണ്ടും പിന്തുടര്‍ന്നെത്തി ഹിജാബ് മുറിക്കാന്‍ ശ്രമിച്ചുവെന്നും വിദ്യാര്‍ഥിനി പറഞ്ഞു.  ഉറക്കെ കരഞ്ഞുകൊണ്ട് സഹോദരനെയും പിടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഹിജാബിന്റെ പിന്‍ഭാഗം ഇയാള്‍ മുറിച്ചതായി പോലിസ് പറഞ്ഞു. ഏഷ്യന്‍ വംശജനായ 20കാരനാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നതെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top