ഹാറുകി മുറാകാമി

കോബെയിലെ ഒരു ബേസ്‌ബോള്‍ സ്‌റ്റേഡിയത്തില്‍ കളി നടക്കുന്ന വേളയിലാണ് 29കാരനായ ഹാറുകി മുറാകാമിക്ക് ഒരു ദിവ്യദര്‍ശനം ലഭിക്കുന്നത്. അപ്പോള്‍ ആകാശത്തുകൂടി ഒരു പന്ത് ഒഴുകിപ്പോവുകയായിരുന്നു. തന്റെ ആദ്യ നോവലിന്റെ പൂര്‍ണ സ്വരൂപം ആ നിമിഷത്തില്‍ മനസ്സില്‍ നിറഞ്ഞു എന്നാണ് മുറാകാമി പിന്നീട് പറഞ്ഞത്.
കാറ്റിന്റെ സംഗീതത്തെക്കുറിച്ചുള്ള ചെറുനോവലായിരുന്നു അത്. പിന്നീട് നിരവധി നോവലുകള്‍ മുറാകാമി എഴുതിയിട്ടുണ്ട്. വൈന്‍ഡ് അപ് ബേര്‍ഡ് ക്രോണിക്കിള്‍, നോര്‍വീജിയന്‍ വുഡ്, കാഫ്ക ഓണ്‍ ദ ഷോര്‍ തുടങ്ങിയ നോവലുകള്‍ പ്രശസ്തമാണ്. ആധുനിക ജപ്പാന്റെ ചരടറ്റ പട്ടം പോലുള്ള ജീവിതത്തെയാണ് മുറാകാമി ആവിഷ്‌കരിക്കുന്നത്. മായികമായ ഒരു ലോകമാണ് മുറാകാമി വര്‍ണിക്കുന്നത്. അസാധാരണമായ സംവേദനശേഷിയുള്ള എഴുത്തുകാരനാണ് മുറാകാമി.
മുറാകാമിയുടെ പുതിയ പുസ്തകമായ കില്ലിങ് കമന്‍ഡേറ്റോര്‍ സാംസ്‌കാരികലോകത്ത് വലിയ പ്രതീക്ഷകളാണ് ഉണര്‍ത്തിവിട്ടത്. മുറാകാമിയുടെ സവിശേഷമായ വര്‍ണനാരീതിയും ഭ്രമാത്മകമായ കല്‍പനകളും പുസ്തകത്തില്‍ എമ്പാടും പരന്നുകിടക്കുന്നുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു. പക്ഷേ, 700 പേജിലേറെ നീണ്ടുകിടക്കുന്ന നോവല്‍ മുറാകാമിയുടെ മുന്‍കാല കൃതികളുമായി താരതമ്യം ചെയ്യുമ്പോള്‍ നിരാശയാണ് നല്‍കുന്നതെന്നു പറയുന്ന വിമര്‍ശകരും കുറവല്ല.

RELATED STORIES

Share it
Top