ഹാര്‍ദികിന്റെ ജന്മനാട്ടില്‍ പ്രവചനാതീതം

കെ എ സലിം

അഹ്മദാബാദ്: പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേലിന്റെയും ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂറിന്റെയും സ്വന്തം മണ്ഡലമായ വിരംഗാമില്‍ പ്രവചനാതീതമാണ് മല്‍സരം. കോണ്‍ഗ്രസ്സിന്റെ സിറ്റിങ് എംഎല്‍എയായ തേജ ശ്രീ പട്ടേല്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയാണ്. ലഖാഭായ് ബര്‍വാദ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പട്ടേല്‍ പ്രക്ഷോഭം ഏറ്റവും കൂടുതല്‍ ശക്തമായിരുന്ന മണ്ഡലങ്ങളിലൊന്നാണ് വിരംഗാം. പട്ടേലര്‍മാരുടെ ബിജെപി വിരുദ്ധ നിലപാട് മറികടക്കാന്‍ വേണ്ടി പട്ടേല്‍ വിഭാഗത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവിനെ തന്നെ മല്‍സരിപ്പിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ്സിനെയും ബിജെപിയെയും മാറിമാറി പിന്തുണച്ചതാണ് മണ്ഡലത്തിലെ സമീപകാല ചരിത്രം. എന്നാല്‍, അത്ര ശക്തമല്ല ആരുടെയും ഭൂരിപക്ഷം. തേജശ്രീ പട്ടേല്‍ കഴിഞ്ഞ തവണ വിജയിച്ചത് 1,698 വോട്ടിനാണ്. 2007ല്‍ ബിജെപിയുടെ കാമാഭായ് റാത്തോഡ് വിജയിച്ചത് 3,316 വോട്ടിനും. 2002ലും ബിജെപിക്കായിരുന്നു വിജയം- 3,064 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വജുഭായ് ദോദിയ. 1998ല്‍ കോണ്‍ഗ്രസ്സിന്റെ പ്രേംദിഭായ് വദ്‌ലാനി 6,003 വോട്ടിനു ജയിച്ചു. 1995ല്‍ 7,565 വോട്ടിനാണ് ബിജെപിയുടെ ജയന്തിലാല്‍ മച്ചാര്‍ ജയിച്ചത്. 2,55,000 വോട്ടുള്ള മണ്ഡലത്തില്‍ 55,000 വോട്ടുമായി ഠാക്കൂര്‍ സമുദായമാണ് ഏറ്റവും മുന്നില്‍. 50,000 വോട്ടുമായി പട്ടേലുകള്‍ തൊട്ടുപിറകിലുണ്ട്. ദലിത് വോട്ടര്‍മാരുടെ എണ്ണം 25,000ഉം കോലി പട്ടേലുകള്‍ 20,000ഉം ആണ്. 20,000 ദര്‍ബാര്‍ വിഭാഗക്കാരും 19,000 മുസ്്‌ലിംകളുമുണ്ട്. സനാന്‍ദ് പോലെ വ്യാവസായിക പ്രദേശമാണ് വിരംഗാമും.വിരംഗാം, മണ്ഡല്‍, ദേത്ത്‌റോജ് എന്നിങ്ങനെ മൂന്നു താലൂക്കുകളിലായി 120 ഗ്രാമങ്ങളാണ് ഇവിടെയുള്ളത്. വിരംഗാം, ദേത്ത്‌റോജ് താലൂക്ക് പഞ്ചായത്തുകള്‍ ഭരിക്കുന്നത് ബിജെപിയാണ്. മണ്ഡല്‍ ഭരിക്കുന്നത് കോണ്‍ഗ്രസ്സും. വ്യവസായശാലകളൊക്കെയുണ്ടെങ്കിലും മണ്ഡലത്തില്‍ തൊഴിലില്ലായ്മ ശക്തമാണ്. ഇതിന്റെ പേരില്‍ തേജശ്രീ പട്ടേലിനെ കുറ്റപ്പെടുത്താന്‍ കോണ്‍ഗ്രസ്സിനു കഴിയില്ല. കോണ്‍ഗ്രസ് ഭരിച്ചിട്ടും വികസനം കൊണ്ടുവന്നില്ലെന്നു പറയാന്‍ തേജശ്രീ പട്ടേലിനും കഴിയില്ല. അതുകൊണ്ടുതന്നെ സ്വയം പരിക്കേല്‍ക്കാതെ സൂക്ഷിച്ചാണ് ഇരുവിഭാഗത്തിന്റെയും പ്രചാരണം. പട്ടീദാര്‍ സമരം വോട്ടിനെ സ്വാധീനിക്കില്ലെന്നും താന്‍ മുന്നോട്ടുവച്ച വികസന അജണ്ടയ്ക്കായിരിക്കും പ്രാമുഖ്യമെന്നും തേജശ്രീ പറയുന്നു. എന്നാല്‍, വ്യവസായവല്‍ക്കരണം നടന്നിട്ടും ആവശ്യമായ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബര്‍വാദ് പ്രചാരണം നടത്തുന്നത്. സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ എന്നീ കമ്പനികളുടെ നിര്‍മാണ യൂനിറ്റ് മണ്ഡലത്തിലെ ഹാന്‍സല്‍പൂരിലും വിതല്‍പൂരിലുമായാണുള്ളത്. രണ്ടു പ്രദേശവും നന്നായി വികസിച്ചിട്ടുണ്ട്. എന്നാല്‍, നാട്ടുകാര്‍ക്ക് ഈ കമ്പനിയില്‍ ജോലിയില്ല. വിതല്‍പൂരിന് സമീപം സംസ്ഥാന സര്‍ക്കാര്‍ വ്യവസായ പാര്‍ക്ക് സ്ഥാപിച്ചെങ്കിലും നാട്ടുകാര്‍ക്ക് ഗുണം കിട്ടിയില്ല.

RELATED STORIES

Share it
Top