ഹാരിസണ്‍: സുപ്രിംകോടതിയിലും സര്‍ക്കാരിന് തിരിച്ചടി

ന്യൂഡല്‍ഹി: ഹാരിസണ്‍ മലയാളത്തിന്റെ 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. കേരള ഭൂസംരക്ഷണ നിയമപ്രകാരം സ്‌പെഷ്യല്‍ ഓഫിസര്‍ക്ക് കോടതിയുടെ അധികാരങ്ങളുണ്ടെന്നും തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയുടെ ഉടമാവകാശം നിര്‍ണയിക്കാന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ക്ക് അധികാരമുണ്ടെന്നുമുള്ള സര്‍ക്കാര്‍ വാദം തള്ളിയാണ് സുപ്രിംകോടതിയുടെ നടപടി.
ഹാരിസണ്‍ ഉള്‍പ്പെടെ വിവിധ പ്ലാന്റേഷനുകളുടെ കൈവശമുണ്ടായിരുന്ന 38,000 ഏക്കര്‍ വരുന്ന ഭൂമി ഏറ്റെടുക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫിസര്‍ എടുത്ത മുഴുവന്‍ നടപടികളും നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് ജഡ്ജിമാരായ ആര്‍ എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
അഞ്ചു മിനിറ്റ് മാത്രം നീണ്ടുനിന്ന വാദത്തിനൊടുവിലാണ് സര്‍ക്കാരിന്റെ ഹരജി തള്ളിയ ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചത്.
കേരള ഭൂസംരക്ഷണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനോ ഉടമാവകാശം നിശ്ചയിക്കാനോ സ്‌പെഷ്യല്‍ ഓഫിസര്‍ക്ക് അധികാരമില്ല. അതിന് അധികാരമുള്ളത് സിവില്‍ കോടതിക്ക് മാത്രമാണ്. അതിനാല്‍ ഭൂമിയിലെ ഉടമാവകാശത്തിനായി സംസ്ഥാന സര്‍ക്കാരിന് സിവില്‍ കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി ഇന്നലെ വ്യക്തമാക്കി. ഭൂമിയില്‍ ഉടമാവകാശം നിശ്ചയിക്കുന്നതിന് സിവില്‍ കോടതിയില്‍ കേസ് നടത്താന്‍ ഹൈക്കോടതിയും നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
അഞ്ചു ജില്ലകളിലായി ഹാരിസണ്‍ മലയാളത്തിന്റെ പക്കലുണ്ടായിരുന്ന ഭൂമിയാണ് സ്‌പെഷ്യല്‍ ഓഫിസര്‍ രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്തിരുന്നത്. ഇത് ഏപ്രിലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top