ഹാരിസണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍സര്‍ക്കാര്‍ നടപടി റദ്ദാക്കി

കൊച്ചി: ഹാരിസണ്‍ മലയാളം ലിമിറ്റഡ് അടക്കമുള്ള നാലു കമ്പനികളുടെ 38,000 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാന്‍ സ്‌പെഷ്യല്‍ ഓഫിസറായിരുന്ന എ ജി രാജമാണിക്യം സ്വീകരിച്ച നടപടികളെല്ലാം ഹൈക്കോടതി റദ്ദാക്കി. കേരള ഭൂസംരക്ഷണ നിയമപ്രകാരം ഭൂമിയുടെ ഉടമാവകാശം നിര്‍ണയിക്കാന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഭൂമി ഒഴിപ്പിക്കാനുള്ള ഉത്തരവുകളും ഒഴിയാന്‍ ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസുകളുമെല്ലാം ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
സര്‍ക്കാര്‍ഭൂമിയും പുറമ്പോക്കും കൈയേറിയിട്ടുണ്ടെങ്കില്‍ അത് ഒഴിപ്പിക്കാന്‍ മാത്രമേ നിയമപ്രകാരം സ്‌പെഷ്യല്‍ ഓഫിസര്‍ക്ക് അധികാരമുള്ളൂവെന്ന് 192 പേജുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഉടമാവകാശം സംബന്ധിച്ച് സര്‍ക്കാരിന് സംശയമുണ്ടെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാവുന്നതാണ്. ഹാരിസണ്‍ മലയാളം കൈമാറ്റം ചെയ്ത ഭൂമിയുടെ കാര്യത്തിലും സര്‍ക്കാരിന് സിവില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
1849 മുതല്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 1948ലാണ് ഹാരിസണ്‍ മലയാളമായി മാറിയത്. നൂറ്റാണ്ടായി കൈവശമുള്ള ഭൂമിക്ക് കൃത്യമായി നികുതി അടയ്ക്കുന്നുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യല്‍ ഓഫിസറുടെ നടപടി ചോദ്യം ചെയ്ത് ഹാരിസണ്‍ കമ്പനി ഹരജി നല്‍കിയത്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഹാരിസണ്‍ ഭൂമി കൈയടക്കിയിരിക്കുന്നതെന്നും സര്‍ക്കാര്‍ ഭൂമിയാണെന്ന് രേഖാമൂലം കണ്ടെത്തിയതിനാലാണ് തിരിച്ചുപിടിക്കലിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഓഫിസര്‍ നടപടി ആരംഭിച്ചതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. കമ്പനിക്കു ഭൂമിയിലുള്ള കൈവശാവകാശം, ആധാരം തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ നല്‍കിയതാണെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. റവന്യൂ രേഖകള്‍പ്രകാരം ഭൂമിയുടെ ഉടമാവകാശം നിലവില്‍ അത് കൈവശംവച്ചിരിക്കുന്നവര്‍ക്കാണ്. ഭൂനികുതി സ്വീകരിക്കുകയും തോട്ടത്തിന് ഭൂപരിഷ്‌കരണ നിയമപ്രകാരം ഇളവ് അനുവദിക്കുകയും ചെയ്തു. തട്ടിപ്പുണ്ടെന്നു പറഞ്ഞ് ഇതെല്ലാം റദ്ദാക്കാന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ക്കാവില്ല.
കമ്പനിക്ക് അനുകൂലമായ മുന്‍ കോടതി വിധികളും മറ്റും റദ്ദാക്കി ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ല. സര്‍ക്കാരടക്കം കക്ഷിയായ കേസിലെ ഉത്തരവുകള്‍ പാലിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കമ്പനി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ആക്ഷേപമുണ്ടെങ്കില്‍ അത് കോടതിയിലാണ് തെളിയിക്കേണ്ടത്. സര്‍ക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ വിവരങ്ങള്‍ പോലും എതിര്‍കക്ഷികള്‍ക്കു കൈമാറിയിട്ടില്ല. അവരുടെ വാദം പോലും കേള്‍ക്കാതെ എങ്ങനെയാണ് ഉടമസ്ഥത തെളിയിക്കുക. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ അപൂര്‍ണമാണ് എന്നതുകൊണ്ട് സ്വകാര്യവ്യക്തിയുടെ ഭൂമി പിടിച്ചെടുക്കാനാവില്ല.
ഉടമാവകാശം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ കമ്പനി ഹാജരാക്കുമ്പോള്‍ സിവില്‍ കോടതിയാണ് ഇതു പരിശോധിക്കേണ്ടത്. സ്‌പെഷ്യല്‍ ഓഫിസര്‍ക്ക് സിവില്‍ കോടതിയുടെ അധികാരം എടുക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സ്‌പെഷ്യല്‍ ഓഫിസറുടെ ഉത്തരവുകളും നടപടികളും റദ്ദാക്കിയത്. തിരുവിതാംകൂറിലെ ഭൂമി സംബന്ധിച്ചാണെങ്കില്‍ ഇതില്‍ കമ്പനിക്ക് സ്വതന്ത്ര കൈവശാവകാശമാണുള്ളത്. രാജമാണിക്യം റിപോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്ന സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയും കോടതി തള്ളി.
ഹാരിസണിന് പുറമെ ഗോസ്പല്‍ ഫോര്‍ ഏഷ്യ, ബോയ്‌സ് റബര്‍ എസ്‌റ്റേറ്റ്‌സ്, റിയ റിസോര്‍ട്ട് ആന്റ് പ്രോപ്പര്‍ട്ടീസ്, ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനി തുടങ്ങിയ കമ്പനികളാണ് ഹരജികളും അപ്പീലുകളും സമര്‍പ്പിച്ചിരുന്നത്.

RELATED STORIES

Share it
Top