ഹാഫിസ് സെയ്ദിന്റെ സംഘടനക്ക് പണം: 10 വര്‍ഷം തടവ് ശിക്ഷ പ്രഖ്യാപിച്ച് പാകിസ്താന്‍

ഇസ്ലാമാബാദ്: ഹാഫിസ് സെയ്ദിന്റെ അടക്കമുള്ള നിരോധിത സംഘടനകള്‍ക്ക് പണം നല്‍കുന്നവര്‍ക്ക് 10 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് പാക് സര്‍ക്കാരിന്റെ പുതിയ നീക്കം. പണം നല്‍കുന്നവരുടെ സ്വത്തുക്കള്‍ കണ്ട് കെട്ടുമെന്നും അധികൃതര്‍ വ്യക്തമാക്കി. പാകിസ്താന്‍ ഭീകരര്‍ക്ക് താവളമൊരുക്കുന്നുവെന്ന് ആരോപിച്ച് അമേരിക്ക രാജ്യത്തിനുള്ള കോടികളുടെ സാമ്പത്തിക സഹായം കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയ പശ്ചാത്തലത്തിലാണ് നടപടി.ലഷ്‌കറെ ത്വയിബയും ജെയ്‌ഷെ മുഹമ്മദും അടക്കം 72 നിരോധിത സംഘടനകളുടെ പേരും മാധ്യമങ്ങളിലൂടെ നല്‍കിയാണ് പാകിസ്താന്‍ ഇക്കാര്യം വ്യക്തമാക്കിയത്.അഫ്ഗാന്‍ താലിബാനും ഹഖാനി ശൃംഖലയ്ക്കുമെതിരേ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കുന്നതുവരെ സാമ്പത്തിക, സൈനിക സഹായം നല്‍കില്ലെന്നാണ് കഴിഞ്ഞ ദിവസം യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ നോവെര്‍ട്ട് അറിയിച്ചത്. ഇരു സംഘടനകള്‍ക്കുമെതിരേ പാകിസ്താന്‍ ഒരു നടപടിയുമെടുത്തില്ലെന്നും ഇതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അതൃപ്തിയുള്ളതായും സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു. പുതുവല്‍സര ദിനത്തില്‍ പാകിസ്താനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 15 വര്‍ഷമായി പാകിസ്താന് 3,300 കോടി ഡോളര്‍ നല്‍കി അമേരിക്ക വിഡ്ഢിയാവുകയായിരുന്നെന്നും ട്വീറ്റില്‍ പറയുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സാമ്പത്തികസഹായം സ്വീകരിക്കുന്ന പാകിസ്താന്റേത് വഞ്ചനാപരമായ നിലപാടാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top