ഹാഫിസ് സഈദിനെയും ദാവൂദിനെയും വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ടിട്ടിെല്ലന്ന് മന്ത്രാലയംന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഹാഫിസ് സഈദിനെയും അധോലോകനായകന്‍ ദാവൂദ് ഇബ്രാഹീമിനെയും ഇന്ത്യക്ക് വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിയും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം. ദാവൂദ് ഇബ്രാഹീമിനെയും ഹാഫിസ് സഈദിനെയും രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ദാവൂദ് ഇബ്രാഹീമിനെ കുറ്റാന്വേഷണത്തിനായി രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ ഒരു അന്വേഷണ ഏജന്‍സിയും ഒരുതരത്തിലുള്ള അപേക്ഷയും നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ആക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന പാകിസ്താനിലെ ജമാഅത്തുദ്ദഅ്‌വ തലവന്‍ ഹാഫിസ് സഈദിനെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്ന് രാജ്യത്തെ ഒരു ഏജന്‍സിയും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇവരെ വിട്ടുകിട്ടണമെന്ന് പാകിസ്താനോട് ആവശ്യപ്പെടണമെങ്കില്‍ ഇന്ത്യയിലെ ഏതെങ്കിലുമൊരു അന്വേഷണയുടെ ഏജന്‍സി അപേക്ഷ ആവശ്യമാണെന്നും വിവരാവകാശപ്രകാരമുള്ള മറുപടിയില്‍ പറയുന്നുണ്ട്. ദാവൂദ് ഇബ്രാഹീം ഇപ്പോഴും പാകിസ്താനിലുണ്ടെന്നതില്‍ സംശയമില്ലെന്ന് കഴിഞ്ഞ മാസവും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയില്‍ ദാവൂദ് ഇബ്രാഹീമിന്റെ പങ്ക് സംബന്ധിച്ച നിരവധി രേഖകള്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യ പാകിസ്താന് കൈമാറിയിട്ടുണ്ടെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top