ഹാപ്പി കെയ്ന്‍, ഹാപ്പി ഇംഗ്ലണ്ട്


വോള്‍ഗോഗ്രാഡ്: ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ നായകന്‍ തന്നെയെന്ന് കളിക്കളത്തില്‍ തെളിയിച്ച മല്‍സരത്തില്‍ തുണീസ്യക്കെതിരേ ഇംഗ്ലണ്ടിന് ആവേശ ജയം. ഗ്രൂപ്പ് ജിയിലെ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് നിര വിജയം പിടിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്ന്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഫെര്‍ജാനി സാസിയാണ് തുണീസ്യക്ക് വേണ്ടി ലക്ഷ്യം കണ്ടത്.
സ്‌റ്റെര്‍ലിങിനെയും കെയ്‌നിനെയും വജ്രായുധമാക്കി 3-5-2 ഫോര്‍മാറ്റില്‍ ഇംഗ്ലണ്ട് ബൂട്ടുകെട്ടിയപ്പോള്‍ 4-3-3 ഫോര്‍മാറ്റിലായിരുന്നു തുണീസ്യ കളി മെനഞ്ഞത്. മിന്നല്‍ പാസുകളുമായി തുടക്കം മുതല്‍ കളം നിറഞ്ഞ ഇംഗ്ലണ്ട് 11ാം മിനിറ്റില്‍ത്തന്നെ അക്കൗണ്ട് തുറന്നു. ആഷ്‌ലി യങിന്റെ കോര്‍ണര്‍കിക്കിനെ തുണീസ്യ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയെങ്കിലും റൗബൗണ്ട് പന്തിനെ പിടിച്ചെടുത്ത് കെയ്ന്‍ തൊടുത്ത ഷോട്ട് തുണീസ്യയുടെ വലതുളച്ചു. 1-0ന് ഇംഗ്ലണ്ട് മുന്നില്‍. എന്നാല്‍ 35ാം മിനിറ്റില്‍ തുണീസ്യ സമനില പിടിച്ചു. കെയ്ല്‍ വാക്കര്‍ ഫക്രദ്ദീന്‍ ബെന്‍ യൂസഫിനെ ബോക്‌സില്‍ വച്ച് മുഖത്ത് അടിച്ചതിന് ലഭിച്ച പെനല്‍റ്റിയിലെ ലക്ഷ്യത്തിലെത്തിച്ച് ഫെര്‍ജാനി സാസിക്കാണ് തുണീസ്യക്ക് സമനില സമ്മാനിച്ചത്. ഇതോടെ ആദ്യ പകുതി ഇരു കൂട്ടരും സമനില പങ്കിട്ട് പിരിഞ്ഞു.
രണ്ടാം പകുതിയില്‍ തുണീസ്യ പ്രതിരോധത്തിലൂന്നി പന്ത് തട്ടിയതോടെ ഇംഗ്ലീഷ് നിര വിയര്‍ത്തു. എന്നാല്‍ എക്‌സ്ട്രാ ടൈമില്‍ കെയ്ന്‍ വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകനായി. ട്രിപ്പിയറെടുത്ത് കോര്‍ണര്‍ കിക്കിനെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കെയ്ന്‍ വലയിലെത്തിച്ചതോടെ 2-1ന്റെ ജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. ജയത്തോടെ ഗ്രൂപ്പ് ജിയില്‍ നിര്‍ണായകമായ മൂന്ന് പോയിന്റും ഇംഗ്ലണ്ട് സ്വന്തമാക്കി.

RELATED STORIES

Share it
Top