ഹാന്‍വീവിന് ലക്ഷ്യബോധത്തോടെയുള്ള പദ്ധതികള്‍: മന്ത്രി മൊയ്തീന്‍

കൊച്ചി: കേരള സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്റെ (ഹാന്‍വീവ്) വളര്‍ച്ചയ്ക്കു ലക്ഷ്യബോധത്തോടെയുള്ള വിവിധ പദ്ധതികളാണു സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്നു മന്ത്രി എ സി മൊയ്തീന്‍. ഹാന്‍വീവ് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായുള്ള സുവര്‍ണ ജൂബിലി ആഘോഷങ്ങളും എറണാകുളം റീജ്യനല്‍ ഓഫിസിന്റെയും മറ്റ് പദ്ധതികള്‍ക്കായുള്ള ബഹുനില മന്ദിരത്തിന്റെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഗോഡൗണിന് സമീപമാണു ഹാന്‍വീവ് റീജ്യനല്‍ ഓഫിസ് നിര്‍മിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്ക് യൂനിഫോം നല്‍കാനാവശ്യമായ തുണി കൈത്തറി മേഖലയില്‍ നിന്നു ശേഖരിക്കുന്നതു വ്യവസായത്തിന് ഊര്‍ജം നല്‍കുന്നു. സ്‌കൂള്‍ യൂനിഫോം നല്‍കുന്നതിനായി കൈത്തറി മേഖലയില്‍ കൂടുതല്‍ തറികളും തൊഴിലാളികളും ആവശ്യമായി വരുന്നു. കൈത്തറി മേഖലയില്‍ ആളുകള്‍ക്കു പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. തൊഴിലാളികള്‍ക്കു വരുമാന വര്‍ധനവിനും തൊഴില്‍ ഉറപ്പാക്കുന്നതിനും ഇത്തരം പദ്ധതികള്‍ സഹായിക്കുന്നു. മാറുന്ന അഭിരുചിക്ക് അനുസരിച്ച് പുതിയ ഡിസൈനുകള്‍ സൃഷ്ടിക്കാനും ഡിസൈന്‍ ചെയ്ത ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ആയി കൈത്തറി വസ്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കാനും പദ്ധതിയുണ്ട്. കൈത്തറി മേഖലയെ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റുമ്പോള്‍ തൊഴില്‍ സുരക്ഷിതത്വം കൂടി ഉണ്ടാവും. അതിനുള്ള പരിശ്രമം സര്‍ക്കാര്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു. പുതിയ റീജ്യനല്‍ ഓഫിസിന്റെ രൂപരേഖ മന്ത്രി എ സി മൊയ്തീന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ വി തോമസ് എം പി, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, ഹാന്‍വീവ് ഡയറക്ടര്‍ വി ജി രവീന്ദ്രന്‍, മാനേജിങ് ഡയറക്ടര്‍ കെ സുധീര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top