ഹാദിയ കേസ് വ്യത്യസ്തമാവുന്നത്

പി  കെ  നൗഫല്‍
ഹാദിയ കേസ് കേവലം ഹാദിയ-ഷഫിന്‍ ജഹാന്‍ വിവാഹക്കേസ് എന്നതിലുപരി രാജ്യത്തിന്റെ ഭരണഘടന, പൗരസ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, സ്ത്രീസുരക്ഷ, ന്യൂനപക്ഷ അസ്തിത്വം എന്നിവയുമായി നേര്‍ക്കുനേര്‍ ബന്ധപ്പെട്ട വിഷയമാണു കൈകാര്യം ചെയ്തത്. ഒരേസമയം ജനകീയവും രാഷ്ട്രീയവും നിയമപരവുമായ പോരാട്ടമായാണ് കേസില്‍ ശക്തമായ നിലപാടെടുത്ത പോപുലര്‍ ഫ്രണ്ട് തുടക്കം മുതല്‍ കേസിനെ വിലയിരുത്തിയത്. ഹാദിയ കേസിന്റെ ഗൗരവവും നീതിനിഷേധവും പരമാവധി ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ജനകീയവും രാഷ്ട്രീയവുമായ ഇടപെടലുകളും പ്രക്ഷോഭങ്ങളും കേസിലെ നീതിനിഷേധം നിയമപരമായി ചോദ്യം ചെയ്യാനും തീരുമാനമുണ്ടായി.
ഇതിന്റെ ഭാഗമായി കേരള ഹൈക്കോടതിയിലെയും മറ്റും പ്രഗല്ഭരായ നിയമവിദഗ്ധരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടന്നു. ഹൈക്കോടതിയില്‍ കക്ഷിയല്ലെങ്കിലും ഷഫിന്‍ ജഹാന്‍ എന്ന ഭര്‍ത്താവിന്റെ സാന്നിധ്യം കേസില്‍ വളരെയധികം ഗുണകരമാണെന്നും ഷഫിന്‍ ജഹാന്‍ തന്നെ സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യണമെന്നും അഭിപ്രായം ഉയര്‍ന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരവും അഡ്വ. നസീറും ചേര്‍ന്ന് അഡ്വ. ഹാരിസ് ബീരാനെ നേരിട്ടു കണ്ട് ഹാദിയ കേസ് എല്‍പ്പിക്കുന്നത്.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന ഘടകം മുന്‍കൈയെടുത്ത് രൂപീകരിച്ച ഒരു അഭിഭാഷക സംഘമാണ് സുപ്രിംകോടതിയില്‍ കേസ് കൈകാര്യം ചെയ്തതും ആശ്വാസകരമായ ഇടക്കാലവിധിയിലെത്തിക്കാന്‍ സാധിച്ചതും. കോടതി നടപടികള്‍ക്കാവശ്യമായ കുറ്റമറ്റ ഡ്രാഫ്റ്റിങ് തയ്യാറാക്കുന്നതു മുതല്‍ കോടതിക്കുള്ളിലെ വാദങ്ങള്‍ വരെയും സംഘം കൈകാര്യം ചെയ്തു. പുറത്തു നടക്കുന്ന മാധ്യമ വിചാരണകള്‍ കേസിനെ ബാധിക്കാതിരിക്കാന്‍ അത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതുള്‍പ്പെടെ വലിയൊരു പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്തതും ആ അഭിഭാഷക സംഘമായിരുന്നു.
പ്രഗല്ഭ അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദവെ, ഇന്ദിരാ ജയ്‌സിങ്, ഹാരിസ് ബീരാന്‍, പല്ലവി പ്രതാപ്, പി എ നൂര്‍ മുഹമ്മദ്, കെ പി മുഹമ്മദ് ശരീഫ്, കെ സി നസീര്‍ എന്നിവരും ഏതാനും ജൂനിയര്‍ അഭിഭാഷകരും അടങ്ങുന്ന ടീമാണ് ഹാദിയ കേസിന്റെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്തത്. ഏറ്റവും അവസാനമായി സുപ്രിംകോടതി കേസില്‍ ഹാദിയയെ കക്ഷിചേര്‍ത്തതിനു ശേഷം തയ്യാറാക്കിയ അഫിഡവിറ്റ് ഫയല്‍ ചെയ്യാന്‍ അഡ്വ. മര്‍സൂഖ് ബാഫഖിയെ ഏല്‍പ്പിക്കുകയും ചെയ്തു.
സമൂഹത്തിന്റെ വിവിധ തുറകളെ പ്രതിനിധീകരിക്കുന്നവരായിരുന്നു ഈ അഭിഭാഷകസംഘം. അഡ്വക്കറ്റ് കപില്‍ സിബലും ഇന്ദിരാ ജയ്‌സിങും കോണ്‍ഗ്രസ് പശ്ചാത്തലത്തിലുള്ളവരും കോണ്‍ഗ്രസ് നേതൃനിരയിലുള്ളവരുമാണ്. അതേസമയം, ദുഷ്യന്ത് ദവെ സെക്കുലര്‍ പശ്ചാത്തലമുള്ള വ്യക്തിയും ഹാരിസ് ബീരാന്‍ മുസ്‌ലിം ലീഗ് പശ്ചാത്തലമുള്ള വ്യക്തിയുമാണ്. അഡ്വ. നൂര്‍ മുഹമ്മദിനും അഡ്വ. പല്ലവി പ്രതാപിനും പ്രത്യേകിച്ച് രാഷ്ട്രീയ പശ്ചാത്തലങ്ങളൊന്നും ഇല്ല എന്നാണറിവ്. ഈ അഭിഭാഷക സംഘത്തില്‍ അഡ്വ. നൂര്‍ മുഹമ്മദും അഡ്വ. പല്ലവി പ്രതാപും അഡ്വ. മര്‍സൂഖ് ബാഫഖിയും അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ് പദവിയിലാണ്. ഇവര്‍ക്കാണ് സുപ്രിംകോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്യാനുള്ള അധികാരമുള്ളത്.
കപില്‍ സിബല്‍, ദുഷ്യന്ത് ദവെ, ഇന്ദിരാ ജയ്‌സിങ്, ഹാരിസ് ബീരാന്‍ തുടങ്ങിയ പേരുകള്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ സുപരിചിതമാണെങ്കില്‍ അതേപോലെ സുപ്രധാനമായ രണ്ടു വ്യക്തിത്വങ്ങളാണ് അഡ്വ. നൂര്‍ മുഹമ്മദും അഡ്വ. പല്ലവി പ്രതാപും. ഷഫിന്‍ ജഹാനു വേണ്ടി സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത് പല്ലവി പ്രതാപ് ആണ്. കേസില്‍ രാവിനെ പകലാക്കിമാറ്റി കോടതി നടപടികള്‍ക്കായി ഏറ്റവും കുറ്റമറ്റ സത്യവാങ്മൂലം തയ്യാറാക്കിയത് ആലുവ സ്വദേശിയായ അഡ്വ. നൂര്‍ മുഹമ്മദ് ആയിരുന്നു. ഹാദിയ കേസ് കേവലം ഹാദിയ-ഷഫിന്‍ ജഹാന്‍ വിവാഹക്കേസ് എന്നതിലുപരി ഇന്ത്യന്‍ ഭരണഘടനയുടെ നിലനില്‍പ്പുമായും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അസ്തിത്വവുമായും ബന്ധപ്പെട്ട വിഷയമാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന വ്യക്തിയാണ് അഡ്വ. നൂര്‍ മുഹമ്മദ്.
സുപ്രിംകോടതിയില്‍ രാഹുല്‍ ഈശ്വറിന്റെ വക്കീല്‍ രാഹുല്‍ ഈശ്വര്‍ ഹാദിയയെ സഹായിക്കുകയായിരുന്നു എന്ന അവകാശവാദം ഉന്നയിച്ചപ്പോള്‍ ''റൈറ്റ് വിങ് ആക്റ്റിവിസ്റ്റ് ആണെന്നു സ്വയം പറയുകയും ആര്‍എസ്എസിനു വേണ്ടി സംസാരിക്കുകയും ചെയ്യുന്ന രാഹുല്‍ ഈശ്വര്‍ ഹാദിയയെ ഹിന്ദുമതത്തിലേക്ക് 'റീ കണ്‍വര്‍ട്ടിങ്' നടത്താന്‍ വേണ്ടിയാണ് ആദ്യവസാനം ശ്രമിച്ചത്. രാഹുല്‍ ഒരു സഹായവും ഹാദിയക്കു വേണ്ടി ചെയ്തിട്ടില്ല'' എന്ന് സുപ്രിംകോടതി മുമ്പാകെ ബോധിപ്പിച്ചത് അഡ്വ. നൂര്‍ മുഹമ്മദ് ആയിരുന്നു.
തൃപ്പൂണിത്തുറ പീഡനകേന്ദ്രമടക്കം ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പീഡനകേന്ദ്രങ്ങളെ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതും നൂര്‍ മുഹമ്മദ് ആയിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഹാദിയ കേസുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ആശങ്കകള്‍ വളരെ കൃത്യമായി തന്നെ കോടതിക്കു മുമ്പാകെ കൊണ്ടുവരുന്നതില്‍ സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം നടത്തിയത്.
ഹാദിയ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് സുപ്രിംകോടതി തന്നെ വ്യക്തമാക്കി. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അസ്തിത്വം, മതസ്വാതന്ത്ര്യം, ഭരണഘടന എന്നിവയൊക്കെ തുറന്ന ചര്‍ച്ചയ്ക്കും രാജ്യാന്തരതലത്തില്‍ വരെ പ്രക്ഷോഭങ്ങള്‍ക്കും കാംപയിനുകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരിക്കുകയാണ്. ഹാദിയ കേസ് വെറുമൊരു വിവാഹക്കേസ് അല്ല. അത് ജനാധിപത്യ ഇന്ത്യയുടെ ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശം, ന്യൂനപക്ഷ സുരക്ഷ, സ്ത്രീസുരക്ഷ എന്നിവയൊക്കെയുമായി ബന്ധപ്പെട്ടതാണ്.                                                 ി

RELATED STORIES

Share it
Top