ഹാദിയ കേസ്: വാദം കേള്‍ക്കുന്നത് മാറ്റിവക്കണമെന്ന അശോകന്റെ ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജിയല്‍ വാദം കേള്‍ക്കുന്നത് മാറ്റിവക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ഹരജിയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു അശോകന്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഹരജിയില്‍ ഇന്നു തന്നെ വാദം നടക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മേത്ത അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.വീട്ടുതടങ്കലിലായിരുന്ന സമയം മുതല്‍ ഇതുവരെ താന്‍ നേരിട്ട പീഡനങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ കഴിഞ്ഞദിവസം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഷഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ ആവശ്യപ്പെട്ടു.
അടിസ്ഥാനരഹിതവും വിദ്വേഷം നിറഞ്ഞതുമായ പ്രചാരണമാണ് തനിക്കെതിരേ നടന്നത്. മാനസികനില തകരാറിലാണെന്നും ഐഎസുമായി ബന്ധമുണ്ടെന്നുമുള്ള തരത്തില്‍ മാധ്യമ വിചാരണകളും നടന്നു. ഡോക്ടര്‍ എന്ന നിലയിലുള്ള തന്റെ തൊഴില്‍പരമായ ഭാവിയെ ഇത് ബാധിക്കുന്നതാണെന്നും ഹാദിയ വ്യക്തമാക്കുന്നു.
ഹൈക്കോടതി ഉത്തരവുപ്രകാരം വൈക്കത്തെ വീട്ടിലെത്തിയതു മുതല്‍ തന്നെ ഹിന്ദുമതത്തിലേക്കു മാറ്റാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. അന്നത്തെ സന്ദര്‍ശകരുടെ വിവരങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ചില എന്‍ഐഎ ഉദ്യോഗസ്ഥര്‍ തന്നെ തീവ്രവാദിയായാണു പരിഗണിച്ചിരുന്നത്. വൈക്കം ഡിവൈഎസ്പി പെരുമാറിയത് കുറ്റവാളികളോടെന്നപോലെ ആയിരുന്നു.
താന്‍ മുസ്‌ലിം ആണെന്ന് ഒരിക്കല്‍ക്കൂടി സത്യവാങ്മൂലത്തില്‍ ഹാദിയ വ്യക്തമാക്കുന്നുണ്ട്. തനിക്ക് മുസ്‌ലിമായി ജീവിക്കണം. സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം മതത്തെക്കുറിച്ച് പഠിച്ചതും ജീവിതത്തില്‍ പിന്തുടരാന്‍ തീരുമാനിച്ചതും. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച വ്യക്തിയെന്ന നിലയിലാണ് വിദ്യാസമ്പന്നനായ ഷഫിന്‍ ജഹാന്‍ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. പൗരന് അവകാശപ്പെട്ട എല്ലാ സ്വാതന്ത്ര്യവും തനിക്കു സ്ഥാപിച്ചുകിട്ടണമെന്നും അഭിഭാഷകനായ സയ്യിദ് മക്‌സൂക്ക് ബാഫഖി മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഷഫിന്‍ ജഹാന്‍ നല്‍കിയ ഹരജിയില്‍ ഹാദിയയെ സുപ്രിംകോടതി കഴിഞ്ഞമാസം കക്ഷി ചേര്‍ത്തിരുന്നു. മതംമാറ്റം, ഷഫിന്‍ ജഹാനുമായുള്ള വിവാഹം എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി ഹാദിയക്ക് സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഹാദിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

RELATED STORIES

Share it
Top