ഹാദിയ കേസ്‌സത്യം നേടിയ വിജയമെന്ന് പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: തെളിവ് ഇല്ലാത്തതിന്റെ പേരില്‍ ഹാദിയ കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള എന്‍ഐഎ തീരുമാനം രാജ്യം കണ്ട ഏറ്റവും സംഘടിതമായ നുണപ്രചാരണത്തിനു മേല്‍ സത്യം നേടിയ വിജയമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയും ഇല്ലാത്ത ലൗജിഹാദിന്റെയും പേരില്‍ സമൂഹത്തില്‍ വിദ്വേഷം വളര്‍ത്താനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും വേണ്ടി സംഘപരിവാരം തുടങ്ങിവച്ച കുപ്രചാരണം ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരിക്കുകയാണ്.
ഹാദിയ കേസിന്റെ മറപിടിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി കൂടിയാണിത്. ഹാദിയ-ഷഫിന്‍ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കു പിന്നില്‍ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങളാണ് ഉള്ളതെന്ന പോപുലര്‍ ഫ്രണ്ടിന്റെ നിലപാടിനെ ശരിവയ്ക്കുന്ന തീരുമാനങ്ങളാണ് നേരത്തേ സുപ്രിംകോടതിയില്‍ നിന്നും ഇപ്പോള്‍ എന്‍ഐഎയില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഇക്കാര്യത്തില്‍ സമൂഹമധ്യത്തില്‍ അന്യായമായ വിചാരണയ്ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വിധേയരായവര്‍ക്ക് ലഭിക്കാതെപോയ നീതിക്ക് പരിഹാരം ഉണ്ടാവേണ്ടതുണ്ട്.
ഇല്ലാത്ത നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പേരില്‍ അതിരൂക്ഷമായ വേട്ടയാടലിനും അപവാദ പ്രചാരണങ്ങള്‍ക്കും ഇരയായ എ എസ് സൈനബ അടക്കമുള്ളവര്‍ക്ക് ഉണ്ടായ മാനഹാനിക്ക് ആര് ഉത്തരം പറയുമെന്ന ചോദ്യം ബാക്കിയാണ്. നുണക്കഥകള്‍ ഏറ്റുപിടിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തിയവര്‍ക്ക് ഇക്കാര്യത്തില്‍ മറുപടി പറയാന്‍ ബാധ്യതയുണ്ട്. നേരത്തേ ഹൈക്കോടതി തള്ളിക്കളഞ്ഞ ലൗജിഹാദ് ആരോപണം ഉയര്‍ത്തിപ്പിടിച്ചാണ് ഹാദിയാ കേസ് സംഘപരിവാരവും ഹിന്ദുത്വ ഭരണകൂടവും ദേശീയതലത്തില്‍ പ്രചാരണായുധമാക്കിയത്.
എന്‍ഐഎ അന്വേഷണവും അതിനെ തുടര്‍ന്നുണ്ടായ ഏകപക്ഷീയമായ മാധ്യമവിചാരണയും ഇതിന്റെ ഭാഗമായിരുന്നു. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ കണ്ടെത്തലുകളെന്ന പേരില്‍ നിറം പിടിപ്പിച്ച കഥകളാണ് നിറഞ്ഞുനിന്നത്. വിചാരണയ്ക്ക് ഉതകുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന എന്‍ഐഎ നിലപാടിലൂടെ അന്വേഷണഘട്ടത്തില്‍ ഉയര്‍ന്നുവന്ന ആക്ഷേപങ്ങളുടെ പൊള്ളത്തരം വ്യക്തമാവുന്നത്.
കേരള ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴും അതിനു ശേഷവും നീതിയുക്തമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാവാതെ, ഹിന്ദുത്വ പ്രചാരണത്തിനു കുടപിടിക്കുന്ന സമീപനമാണ് കേരളത്തിലെ ഇടതു ഭരണകൂടവും വനിതാ കമ്മീഷനും സ്വീകരിച്ചത്. മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സാമൂഹിക സാഹചര്യത്തിനാണ് ഇതു വഴിയൊരുക്കിയത്. അതേസമയം, ജനാധിപത്യപരവും നിയമപരവുമായ മാര്‍ഗത്തിലൂടെയാണ് പോപുലര്‍ ഫ്രണ്ട് ഹാദിയ കേസിനെയും എന്‍ഐഎ അന്വേഷണത്തെയും നേരിട്ടത്. ഹൈക്കോടതിയുടെ തെറ്റായ വിധിക്കെതിരേ നടന്ന മാര്‍ച്ചില്‍ ഒരു അനിഷ്ടസംഭവവും ഇല്ലാതിരുന്നിട്ടും അതിനെ ഭീകരവല്‍ക്കരിച്ച് പ്രചാരണം നടത്തിയവര്‍, ഇപ്പോള്‍ സുപ്രിംകോടതി വിധിക്കെതിരേ നാടൊട്ടുക്ക് കലാപം സൃഷ്ടിക്കുന്ന സംഘപരിവാരത്തിനെതിരേ നിശ്ശബ്ദത പാലിക്കുന്ന വിരോധാഭാസത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
ഹാദിയ കേസിന്റെ പേരില്‍ അന്നു കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിച്ച അതേ തീവ്രഹിന്ദുത്വശക്തികള്‍ തന്നെയാണ് ശബരിമല വിഷയത്തിന്റെ പേരില്‍ ഇപ്പോള്‍ കേരളത്തില്‍ കലാപം തുടങ്ങിയിരിക്കുന്നത്. ഇക്കൂട്ടരെ തിരിച്ചറിയാന്‍ പൊതുസമൂഹത്തിനും മാധ്യമങ്ങള്‍ക്കും കഴിയാതെപോയി. സര്‍ക്കാര്‍ അവരെ നിയന്ത്രിക്കാന്‍ ശ്രമിക്കാതിരുന്നതുമൂലമാണ് കേരളം സംഘര്‍ഷഭരിതമായതെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, കെ മുഹമ്മദലി, സി അബ്ദുല്‍ ഹമീദ്, ബി നൗഷാദ് സംസാരിച്ചു.

RELATED STORIES

Share it
Top