ഹാദിയ കേസും മുസ്‌ലിം ഭീതിയുംഅഡ്വ. എം  അബ്ദുല്‍ കബീര്‍

ഹാദിയ വിഷയത്തില്‍ കേരള ഹൈക്കോടതിയുടെ നിരീക്ഷണം വലിയ വിവാദങ്ങള്‍ക്കാണു വഴിവച്ചത്. പലപ്പോഴും പൗരാവകാശ പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സ്ഥാപനമാണ് ജുഡീഷ്യറി. എന്നാല്‍, ഇപ്പോള്‍ സംഘപരിവാരത്തിന്റെ അജണ്ടകള്‍ ജുഡീഷ്യറിയെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ചില സൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് രാജസ്ഥാന്‍ ഹൈക്കോടതിയിലെ ഒരു ജഡ്ജി ഗോവധത്തിന് ശിക്ഷ പത്തുവര്‍ഷത്തില്‍ നിന്ന് ജീവപര്യന്തമാക്കണമെന്നും പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നുമൊക്കെ പറഞ്ഞത്. ഇതിലേറെ വിഡ്ഢിത്തം നിറഞ്ഞത് മയിലിനെക്കുറിച്ചുള്ള മറ്റൊരു ജഡ്ജിയുടെ പരാമര്‍ശമായിരുന്നു. ഏറ്റവുമൊടുവില്‍ ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി, പശു അമ്മയ്ക്കും ദൈവത്തിനും തുല്യമാണെന്ന് വിധിന്യായത്തിനിടെ പ്രസ്താവിച്ചു. ഇങ്ങനെയുള്ള വിധിപ്രസ്താവങ്ങള്‍ നടത്തുന്നവരാണല്ലോ നീതിയുടെ കാവല്‍ക്കാര്‍ എന്ന് ആലോചിക്കുമ്പോള്‍ തീര്‍ച്ചയായും ആശങ്കയും ഭീതിയും നമ്മെ അലോസരപ്പെടുത്തുന്നുണ്ട്. മുസ്‌ലിംവിരുദ്ധ പക്ഷത്തേക്കുള്ള ജുഡീഷ്യറിയുടെ ചായ്‌വിനു മികച്ച ദൃഷ്ടാന്തമാണ് ഹാദിയ കേസ്. മതംമാറ്റത്തെ ഭീതിയോടെ കാണുന്ന വിധിന്യായം മുസ്‌ലിംവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. മാത്രമല്ല, നഗ്നമായ മനുഷ്യാവകാശ ലംഘനം കൂടിയാണത്. വ്യക്തികളുടെ സ്വയംനിര്‍ണയാവകാശത്തെ അംഗീകരിക്കുന്നതാണ് നമ്മുടെ നിയമവ്യവസ്ഥ. ഭരണഘടനയുടെ അനുച്ഛേദം 25 മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവകാശത്തെപ്പറ്റി പറയുന്നുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ഇസ്‌ലാംവിരുദ്ധ മനോഭാവത്തിന്റെ തടവുകാരായി കോടതി മാറിയോ എന്ന സംശയമാണ് വിധി ഉയര്‍ത്തുന്നത്.വൈക്കം സ്വദേശിയായ അശോകന്‍ തന്റെ മകള്‍ തീവ്രവാദികളുടെ സ്വാധീനവലയത്തില്‍പ്പെട്ടുവെന്നും അവളെ സിറിയയിലേക്ക് കടത്താന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് 2016 ആഗസ്തില്‍ രണ്ടാമതും കോടതിയെ സമീപിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. മുമ്പ് ഇദ്ദേഹം നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ പെണ്‍കുട്ടിയെ ഇഷ്ടപ്രകാരം തന്നെ സഹായിച്ച സൈനബയെന്ന സാമൂഹികപ്രവര്‍ത്തകയുടെ കൂടെ പോവാന്‍ അനുവദിച്ചിരുന്നു. അവളെ വിദേശത്തേക്ക് കടത്തുന്നില്ല എന്ന് ഉറപ്പുവരുത്താനും പെണ്‍കുട്ടിയെ നിരീക്ഷിക്കാനും ഒരു താല്‍ക്കാലിക ഉത്തരവ് വേണമെന്നായിരുന്നു അശോകന്റെ ആവശ്യം. സേലത്തു ബിഎച്ച്എംഎസ് വിദ്യാര്‍ഥിനിയായിരുന്ന കാലത്ത് അഖില സഹപാഠികളുടെ സ്വാധീനത്താല്‍ ഇസ്‌ലാമില്‍ ആകൃഷ്ടയാവുകയായിരുന്നു.  താന്‍ സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചതാണെന്നും ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.തന്റെ വിശ്വാസം പരസ്യമാക്കാന്‍ തീരുമാനിച്ച അഖില, മഞ്ചേരിയിലെ മതപഠന കേന്ദ്രമായ സത്യസരണിയുമായും സാമൂഹിക പ്രവര്‍ത്തക സൈനബയുമായും ബന്ധപ്പെടുന്നത് മറ്റാരും സഹായിക്കാനില്ലാത്തതുകൊണ്ടാണ്. അതാണ് ആദ്യത്തെ ഹേബിയസ് കോര്‍പസിനു വഴിവച്ചത്.  പിന്നീടാണ് നേരത്തേ പറഞ്ഞ ഹരജിയുമായി അശോകന്‍ കോടതിയെ സമീപിക്കുന്നത്. കോടതി പെണ്‍കുട്ടിയെ മാതാപിതാക്കളുടെ കൂടെ പോവാന്‍ പ്രേരിപ്പിച്ചെങ്കിലും അവള്‍ തയ്യാറായില്ല. സംഭവത്തില്‍ ഇടപെട്ട സൈനബയ്‌ക്കെതിരേ ഗൗരവമായ ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. എന്നാല്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നു വ്യക്തമായിരുന്നു. മതപ്രബോധനരംഗത്തും പ്രവര്‍ത്തിക്കുന്ന സൈനബയെ ഭീകരവല്‍ക്കരിക്കുന്നുണ്ട് ഹൈക്കോടതി. കോടതി സൈനബയുടെ വരുമാനത്തെക്കുറിച്ചൊക്കെ ആശങ്കപ്പെടുകയും സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. സൈനബയുടെ ദുസ്വാധീനത്തിലും പിടിയിലും പെട്ട് കല്യാണത്തിന് പെണ്‍കുട്ടി നിര്‍ബന്ധിക്കപ്പെട്ടതാണെന്ന വിചിത്ര നിരീക്ഷണമാണ് കോടതിയുടേത്. തീവ്രവാദം എന്നത് ആര്‍ക്കെതിരേയും എപ്പോഴും ഉന്നയിക്കാവുന്ന ഒരു ആരോപണമാണ്. കേവലമൊരു ആരോപണമുണ്ടായാല്‍ ആരെയും പിശാചുവല്‍ക്കരിക്കുന്ന പ്രവണത ന്യൂനപക്ഷത്തിലെ സാമൂഹികപ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വിപത്താണെന്നതിന്റെ സൂചനകളാണ് ഈ കേസ് നല്‍കുന്നത്. പൊതുവെ അരാഷ്ട്രീയവാദികളും ക്ഷമാപണ മനസ്ഥിതിക്കാരുമായ സലഫി പ്രഭാഷകര്‍ക്കെതിരേ പോലും സമീപകാലത്തുണ്ടായ പോലിസ് നടപടികള്‍ ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.കേസ് നടന്നുകൊണ്ടിരിക്കെ 2016 ഡിസംബര്‍ 21ന്, പെണ്‍കുട്ടിയുടെ കൂടെ കോടതിയില്‍ വന്ന ചെറുപ്പക്കാരനാരാണെന്നു കോടതി അന്വേഷിക്കുകയും അപ്പോള്‍, ഡിസംബര്‍ 19ന് വിവാഹം ചെയ്ത ആളാണെന്ന് കോടതിയെ വക്കീല്‍ അറിയിക്കുകയുമായിരുന്നു. കോടതി ഇതില്‍ ക്ഷുഭിതരാവുകയും വരന്റെ മുന്‍കാലചരിത്രം പരിശോധിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തെറ്റായി നയിക്കപ്പെട്ടു തെറ്റായി ശിക്ഷണം കിട്ടി മുസ്‌ലിമായിത്തീര്‍ന്നതാണെന്ന വിചിത്രവാദത്തിലേക്കാണ് കോടതിയും എത്തിച്ചേര്‍ന്നത്. പിന്നീട് കോടതി ചോദിച്ചത്, ബന്ധുക്കള്‍ ആരൊക്കെ പങ്കെടുത്തിരുന്നുവെന്നാണ്. വരന്റെ ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തതെന്ന് വക്കീല്‍ അറിയിച്ചു. കോടതിയുടെ മറ്റൊരു കണ്ടെത്തലാണ് ഏറെ രസകരം. ഹാദിയക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കിലും രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുത്ത് തങ്ങള്‍ ഇടപെടുന്നു എന്ന വിചിത്രവാദമാണ് കോടതി ഉയര്‍ത്തിയത്. പാരന്റ് പാട്രി നിയമം ഉപയോഗിച്ചുകൊണ്ട് കോടതി ഒരു കുടുംബ കാരണവരുടെ റോള്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവായ ഷെഫിന്റെ പശ്ചാത്തലം അന്വേഷിക്കാന്‍ കോടതി മുതിരുന്നു. കൊല്ലം എസ്പി നല്‍കിയ റിപോര്‍ട്ടില്‍ ഷെഫിനെതിരേ ക്രിമിനല്‍ കേസ് ഉണ്ടെന്നതാണ് കോടതി വലിയ വിഷയമായി കാണുന്നത്. ഒരു അടിപിടിക്കേസില്‍ സാധാരണ ചാര്‍ജ് ചെയ്യാറുള്ള കുറ്റകരമായ സംഘം ചേരല്‍ (143), സംഘം ചേര്‍ന്ന് അക്രമം പ്രവര്‍ത്തിക്കല്‍ (147), അന്യായമായി തടഞ്ഞുവയ്ക്കല്‍ (341), അടിപിടി (323) തുടങ്ങിയ താരതമ്യേന ചെറിയ വകുപ്പുകള്‍ ചാര്‍ത്തിയതാണ് ആ കേസ്. തുടര്‍ന്ന് ഇങ്ങനെ കേസുകളുള്ള ഒരാള്‍ക്കു തന്റെ മകളെ വിവാഹം ചെയ്തുകൊടുക്കാന്‍ ഒരു രക്ഷിതാവും ഇഷ്ടപ്പെടില്ല എന്നാണു കോടതി പറയുന്നത്. ഇനി വാദത്തിനുവേണ്ടി, ഒരാള്‍ ഒരു ക്രിമിനലാണെന്നു കരുതുക. അയാള്‍ വിവാഹം കഴിക്കരുത് എന്നു പറയാന്‍ ഏതെങ്കിലും നിയമത്തിനു കഴിയുമോ? ഷെഫിന്‍ ജഹാന്‍ എസ്ഡിപിഐ കേരളം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലും തണല്‍ എന്ന മറ്റൊരു വാട്‌സ് ആപ്പ് ഗ്രൂപ്പിലും ഉള്ളതും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും  അദ്ദേഹത്തിന്റെ തീവ്രവാദ പ്രവണത വ്യക്തമാക്കുന്നുവെന്നാണ് മറ്റൊരു നിരീക്ഷണം.സൈനബയുടെ വീട്ടില്‍ വച്ച് എന്തുകൊണ്ടാണ് വിവാഹം നടന്നത് എന്നായിരുന്നു കോടതി പിന്നീടു ചോദിച്ചത്. ബന്ധുക്കളില്‍നിന്നും വീട്ടുകാരില്‍നിന്നും എതിര്‍പ്പുയര്‍ന്നപ്പോള്‍ വീട് വിട്ടുവന്ന പെണ്‍കുട്ടിയുടെ വിവാഹം കോട്ടക്കലുള്ള സൈനബയുടെ വീട്ടില്‍ വച്ചു നടന്നതില്‍ ഒരു അസ്വാഭാവികതയുമില്ല. തുടര്‍ന്ന് കോടതി, പെണ്‍കുട്ടികള്‍ രാജ്യത്തിനു പുറത്തേക്ക് കടത്തപ്പെടുന്നത് തടയേണ്ടതുണ്ട് എന്നു പറയുന്നു. രാജ്യത്ത് സംഘപരിവാരവും വലതുപക്ഷ മാധ്യമങ്ങളും മുസ്‌ലിംകള്‍ക്കെതിരേ അപസര്‍പ്പക കഥകളെ വെല്ലുന്ന രീതിയില്‍ കഥകള്‍ പടച്ചുവിടുന്ന കാലത്ത് അതേ യുക്തി തന്നെ ഇവിടെ ജുഡീഷ്യറിയും അനുവര്‍ത്തിക്കുന്നത് തീര്‍ച്ചയായും പൗരാവകാശങ്ങളില്‍ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇതേ യുക്തിയാണ് വിവാഹം റദ്ദുചെയ്യുന്നതിനും പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും മൗലികാവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് പെണ്‍കുട്ടിക്ക് ഇഷ്ടമില്ലാത്തിടത്തേക്ക് അവളെ അയക്കുന്നതിനും കോടതി ഉപയോഗിക്കുന്നത്. പെണ്‍കുട്ടിയുടെ വ്യക്തിത്വത്തെ തീരെ അംഗീകരിക്കാതെ അങ്ങേയറ്റം സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരവുമായ സമീപനമായിരുന്നു അത്. ട്രാന്‍സ്‌പോര്‍ട്‌സ് എന്നാണ് വിധിയിലെ വാചകം. പെണ്‍കുട്ടി രാജ്യത്തിനു പുറത്തേക്ക് കടത്തപ്പെടുമെന്ന്. ആ പ്രയോഗം തന്നെ മതി വിധിയിലെ സ്ത്രീവിരുദ്ധത അളക്കാന്‍. പ്രായം ഇരുപതുകളിലുള്ള പെണ്‍കുട്ടികള്‍ ദുര്‍ബലരാണെന്ന ഒരു ലോജിക്കും വിധിയിലുണ്ട് (ലിബറല്‍ ഫെമിനിസ്റ്റുകളൊന്നും ഇതൊന്നും ശ്രദ്ധിച്ചതായി തോന്നുന്നില്ല. ഫെമിനിസ്റ്റുകളുടെ സ്ത്രീ കാറ്റഗറിയില്‍ മതംമാറിയ സ്ത്രീ വരില്ല എന്നുതന്നെയാണ് നാം മനസ്സിലാക്കേണ്ടത്). പിന്നെ 'വിവാഹിതയാവുന്ന'തു വരെ പെണ്‍കുട്ടി രക്ഷിതാവിന്റെ കൂടെയാണെന്നതാണ് ഭാരതീയ സംസ്‌കാരം എന്നു പറയുന്നുണ്ട് കോടതി. അങ്ങനെ വൈവിധ്യങ്ങളുള്ള 'ഭാരതീയ സംസ്‌കാര'ത്തെ കോടതി ഏകപക്ഷീയമായി തീരുമാനിക്കുന്നു. ഭരണഘടന നല്‍കുന്ന, നിയമം മൂലം ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചാണ് കോടതി ഉല്‍ക്കണ്ഠ കാണിക്കേണ്ടത്. 'ഭാരതീയത' എന്നൊക്കെ പറഞ്ഞ് ഏകപക്ഷീയമായി സംസ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരേ പ്രതിഷേധം ഉയരുമ്പോഴാണ് ഇത്തരം പരാമര്‍ശങ്ങള്‍. അതു തീര്‍ച്ചയായും നമ്മുടെ ജനാധിപത്യബോധത്തെ അലോസരപ്പെടുത്തേണ്ടതുണ്ട്.  പെണ്‍കുട്ടി തുടര്‍ന്ന് പഠിക്കാന്‍ അവസരമുണ്ടാക്കണമെന്നു കോടതിയോട് അപേക്ഷിക്കുന്നതും അതിനിടയ്ക്ക് വിവാഹിതയാവുന്നതും എങ്ങനെയാണ് വൈരുധ്യങ്ങളാവുക? കോടതി ഇതിലിത്ര രോഷംകൊള്ളാനും അമിത താല്‍പര്യം പ്രകടിപ്പിക്കാനും എന്തിരിക്കുന്നു. സൈനബയെ വിശ്വാസയോഗ്യ അല്ല എന്നു വിശേഷിപ്പിക്കുന്ന കോടതി, മതത്തിന്റെ ഭ്രാന്തമായ വ്യാഖ്യാനങ്ങള്‍ക്ക് അഖില അടിപ്പെട്ടുവെന്ന് കണ്ടെത്തുന്നു. എന്നാല്‍, എന്തൊക്കെയാണ് അതെന്നു വിശദീകരിക്കാന്‍ കോടതിക്കു കഴിയുന്നില്ല. ഒരാളുടെ വിശ്വാസത്തെക്കുറിച്ച് കോടതി ഇങ്ങനെ അപഹസിച്ചു സംസാരിക്കുന്നത് തീര്‍ച്ചയായും നല്ല ലക്ഷണമല്ല. മതംമാറ്റം എന്നത് മൗലികാവകാശവുമായി ബന്ധപ്പെട്ട കാര്യമാണ്. ഭരണഘടനയുടെ 25ാം അനുച്ഛേദം ഇതു പറയുന്നുണ്ട്. മതപരിവര്‍ത്തനത്തെ ഭീതിയോടെ കാണുകയും മതസ്വാതന്ത്ര്യം സംരക്ഷിക്കാനെന്ന പേരില്‍ നിയമം പാസാക്കി മതപരിവര്‍ത്തനം പ്രായോഗികമായി അസാധ്യമാക്കുകയും ചെയ്യുന്ന യുക്തി തന്നെയാണ് ഈ വിധിയില്‍ പ്രതിഫലിക്കുന്നത്. വീണ്ടും വീണ്ടും പെണ്‍കുട്ടിയെ ഇകഴ്ത്തുന്ന പ്രസ്താവനകളാണ് കോടതി നടത്തുന്നത്. സത്യസരണിയുടെയും സൈനബയുടെയും തടവിലാണ് പെണ്‍കുട്ടിയെന്നും കോടതി നിരീക്ഷിക്കുന്നു. ഒരു കുട്ടി മേജര്‍ ആവുമ്പോഴേക്ക് പാരന്റല്‍ അതോറിറ്റി നിയന്ത്രണം ഇല്ലാതാവുന്നില്ലെന്ന കോടതിയുടെ വാദം നിയമവിരുദ്ധവും ഭരണഘടനയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും എതിരുമാണ് എന്നതില്‍ സംശയമില്ല. വേറെയും അപഭ്രംശങ്ങള്‍ വിധിയില്‍ കാണുന്നു. ലൗ ജിഹാദിനെക്കുറിച്ച് നേരത്തേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കണ്ടെത്തിയതൊന്നും ഈ ബെഞ്ച് കാണുന്നില്ല. പെണ്‍കുട്ടിക്ക് സ്വയം തീരുമാനമെടുക്കാന്‍ കഴിവില്ല എന്നും നരകത്തില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ ഇസ്‌ലാം സ്വീകരിക്കണമെന്നു പറഞ്ഞ് ഭയന്നാണ് കുട്ടി ഇസ്‌ലാം സ്വീകരിച്ചതെന്നും കോടതി പറയുന്നു. അങ്ങനെയാണത്രേ ഹാദിയയുടേത് നിര്‍ബന്ധ മതപരിവര്‍ത്തനമാവുന്നത്. അഫിഡവിറ്റിലെ ചെറിയ പിഴവുകളാണ് കല്യാണം റദ്ദാക്കുന്നതിലേക്കും പെണ്‍കുട്ടിയുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നതിലേക്കും കോടതിയെ നയിക്കുന്നത്. ഈ സംഭവത്തില്‍ ദേശീയ താല്‍പര്യം വരെ അപകടത്തിലാണെന്നു നിരീക്ഷിക്കുന്ന കോടതിയുടെ ദേശീയത എന്തുതരത്തിലുള്ളതാണ് എന്ന ചോദ്യം ഉയരേണ്ടതുണ്ട്. മുസ്‌ലിമിനെയും ഇസ്‌ലാമിനെയും ദേശത്തിന്റെ ശത്രുവും അപരനുമായി ചിത്രീകരിച്ചുകൊണ്ടുള്ള ഹിന്ദുത്വ ദേശീയത കോടതിയെയും സ്വാധീനിച്ചു എന്നു വേണം കരുതാന്‍. കേവലമായ ഐഎസ് ആരോപണം മതി ഏതൊരു കേസും ദേശീയ പ്രാധാന്യമുള്ളതാക്കി മാറ്റാന്‍ എന്ന സ്ഥിതി അപകടകരമാണ്. ഇറ്റാലിയന്‍ ചിന്തകനായ ജോര്‍ജിയോ അഗമ്പന്‍ പറയുന്ന, ഇന്ത്യ പൗരാവകാശങ്ങളോ മനുഷ്യാവകാശങ്ങളോ ലംഘിക്കപ്പെടുന്ന 'സ്‌റ്റേറ്റ് ഓഫ് എക്‌സപ്ഷനായും' മുസ്‌ലിംകള്‍ പൗരാവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുന്ന 'ഹോമോസോസറു'കളായും മാറുന്നതിന്റെ സൂചനയായിരിക്കുമോ ഇത്! ഒരു മെഡിക്കല്‍ വിദ്യാര്‍ഥി ഹൗസ് സര്‍ജന്‍സി ഇടയ്ക്കു വച്ചു നിര്‍ത്തിയത് ആശ്ചര്യത്തോടെ കാണുന്ന കോടതി, ഹാദിയ ബുദ്ധിപരമായി വള്‍ണറബിള്‍ ആണെന്നും അവള്‍ നോര്‍മല്‍ അല്ലെന്നും പറയുന്നു. അതിനിടയില്‍ ഹാദിയ ഒരു ബ്രൈറ്റ് സ്റ്റുഡന്റല്ല എന്നൊക്കെ പറഞ്ഞുകളഞ്ഞു കോടതി. അതായത്, ഇസ്‌ലാം സ്വീകരിച്ച വ്യക്തികളെ ചിലപ്പോള്‍ വിശ്വാസിസമൂഹം സഹായിച്ചെന്നിരിക്കും. അതൊക്കെ സംശയത്തോടെയാണ് കോടതി വീക്ഷിക്കുന്നത്. ഈ വിധിയിലൂടെ ഭരണഘടന പൗരന്‍മാര്‍ക്കു നല്‍കുന്ന മൗലികാവകാശങ്ങളുടെ പച്ചയായ ലംഘനമാണ് കോടതി നടത്തിയിട്ടുള്ളത്. ഭരണഘടനയുടെ 21ാം ഖണ്ഡിക പറയുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനും മേലുള്ള ലംഘനമാണത്. സ്വയം തീരുമാനമെടുക്കാനുള്ള അവകാശം (റൈറ്റ് ഓഫ് സെല്‍ഫ് ഡിറ്റര്‍മിനേഷന്‍) എന്നതു വ്യക്തിസ്വാതന്ത്ര്യം എന്നതിന്റെ ഏറ്റവും അടിസ്ഥാനപരമായ ഒന്നാണ്. ലിവിങ് റ്റുഗതര്‍ പോലും അംഗീകരിക്കപ്പെടുന്ന ഇന്ന് 24കാരിയായ ഒരു പെണ്‍കുട്ടിയുടെ താല്‍പര്യം പരിഗണിക്കാതെ വിവാഹം റദ്ദാക്കി മാതാപിതാക്കളോടൊപ്പം വിട്ടതും തുടര്‍ന്ന് പോലിസ് അശോകന്റെ വീടിനു ചുറ്റും രാപകല്‍ കാവല്‍ നില്‍ക്കുന്നതും നീതിന്യായവ്യവസ്ഥ സംരക്ഷിക്കാനല്ല എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്തുന്നതെങ്ങനെ? കേരളത്തിലെ മതേതര പൊതുബോധം എത്രമാത്രം മുസ്‌ലിം വിരുദ്ധവും സ്ത്രീവിരുദ്ധവും ആണെന്നാണ് ഹാദിയ കേസിനോടുള്ള വിവിധ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

RELATED STORIES

Share it
Top