ഹാദിയയുടെ വിവാഹം പരസ്പര സമ്മതത്തോടെ: സുപ്രിംകോടതി

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രിംകോടതി. സ്വന്തം താല്‍പര്യത്തോടെയല്ല ഹാദിയ വിവാഹം കഴിച്ചതെന്ന് കോടതിക്കു പറയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പരസ്പരസമ്മതത്തോടെയുള്ള വിവാഹമാണെന്ന് ഹാദിയയും ഷഫിന്‍ ജഹാനും വ്യക്തമാക്കിയിട്ടുണ്ട്. ഇത് ബലാല്‍സംഗക്കേസല്ല. പ്രലോഭിപ്പിച്ച് മതംമാറ്റി സിറിയയിലേക്കു കടത്താന്‍ ശ്രമിച്ചെന്ന ആരോപണം അന്വേഷിക്കേണ്ടത് സര്‍ക്കാരാണ്. വിദേശയാത്ര തടയാന്‍ സര്‍ക്കാരിന് കഴിയുമെന്നും കോടതി വ്യക്തമാക്കി.
പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികളുടെ സ്വമേധയാ ഉള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഷഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. കേസില്‍ പിതാവ് അശോകന്റെ അഭിഭാഷകന്‍ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് കോടതി വിവാഹത്തെക്കുറിച്ചുള്ള അഭിപ്രായം പ്രകടിപ്പിച്ചത്.
അതേസമയം, ഭക്ഷണത്തില്‍ രക്ഷിതാക്കള്‍ മരുന്ന് കലര്‍ത്തി, വീട്ടുതടങ്കലില്‍ പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് ഹാദിയ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് പിതാവ് അശോകനും എന്‍ഐഎയും മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കകം മറുപടി സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേസ് മാര്‍ച്ച് 8ന്  വീണ്ടും പരിഗണിക്കും.
എന്നാല്‍, ഹാദിയയുടെ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ള രാഹുല്‍ ഈശ്വറിനെതിരായ പരാമര്‍ശം നീക്കം ചെയ്തു. രാഹുലിനു വേണ്ടി ഹാജരായ വി കെ ബിജുവിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഹാദിയയെ സഹായിക്കുകയായിരുന്നു രാഹുല്‍ ചെയ്തതെന്ന് ബിജു അറിയിച്ചു. ഹാദിയയുടെ ഭാഗം കോടതി നേരിട്ടുകേട്ട പശ്ചാത്തലത്തില്‍ കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഷഫിന്‍ ജഹാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top