ഹാദിയയുടെ മതം മാറ്റം വിവാദമായതില്‍ ആഫ്രിക്കക്കാര്‍ക്ക് ആശ്ചര്യം

തിരുവനന്തപുരം: അഖില ഇസ്‌ലാം മതം സ്വീകരിച്ച് ഹാദിയയായതും ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചത് ഹൈക്കോടതി റദ്ദാക്കിയതും സുപ്രിംകോടതി വിവാഹം സാധുവാക്കിയതും പത്രങ്ങളിലൂടെ വായിച്ചറിഞ്ഞ സുഡാന്‍ സ്വദേശി വുര്‍ക്ക് ചാനും എത്യോപ്യക്കാരനായ ലഗസി വുഡുററും ചിരിക്കുന്നു.ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മതംമാറിയുള്ള വിവാഹം സാധാരണ സംഭവം മാത്രമാണ്. ഒരു വീട്ടില്‍ തന്നെ സഹോദരങ്ങള്‍ ക്രിസ്ത്യാനിയായും മുസ്്‌ലിമായും ജീവിക്കുന്നു. അവിടെയെങ്ങും ആര്‍ക്കും ഒരു അസഹിഷ്ണുതയുമില്ല.
സംസ്ഥാന യുവജനകമ്മീഷന്‍ സംഘടിപ്പിക്കുന്ന എഗ്രീ ടു ഡിസെഗ്രീ എന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വുര്‍ക്ക് ചാന്‍ സുഡാനിലെ ബര്‍ളിഗസാല്‍ യൂനിവേഴ്‌സിറ്റിയിലെ അധ്യാപകനാണ്. ലഗസി വുഡുറ എത്യോപ്യയിലെ ഹവാസ സര്‍വകലാശാല അധ്യാപകനാണ്. ഇരുവരും കാര്യവട്ടം കാംപസില്‍ ഗവേഷണം നടത്തുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാനും എത്യോപ്യയുമായും കേരളത്തിന് ഒരുപാട് സാമ്യതകളുണ്ടെന്ന് ഇരുവരും പറഞ്ഞു. എത്യോപ്യയിലെ വ്യാവസായിക മേഖലയില്‍ ജോലിയെടുക്കുന്നവരിലധികവും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുടെ 40 കമ്പനികള്‍ അവിടെയുണ്ട്. മലയാളി സുഹൃത്തുക്കള്‍ വഴിയാണ് കേരളത്തെക്കുറിച്ച് മനസ്സിലാക്കിയതെന്നും ലഗസി വുഡുറ പറഞ്ഞു.
കേരളത്തില്‍ ഗോത്രവര്‍ഗക്കാരെന്ന് പറഞ്ഞാല്‍ പണവും അധികാരവും ഇല്ലാത്ത, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയാണെങ്കില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്രവര്‍ഗക്കാരുടെ സ്ഥിതി നേരെ വിപരീതമാണെന്നും ലഗസിയും വുര്‍ക്കും ചൂണ്ടിക്കാട്ടി. ഇരുവരും ഇവിടെ വന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഇതുവരെ യാതൊരു വിവേചനമോ അസഹിഷ്ണുതയോ ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി. സുഡാനില്‍ മാധ്യമങ്ങള്‍ സജീവമാണെങ്കിലും പത്രവും റേഡിയോയുമാണ് ഇന്നും ജനകീയം.
രാവിലെ പത്രം വായിക്കുന്നതിനൊപ്പം റേഡിയോ കേള്‍ക്കുന്നതാണ് അവിടുത്തെ ആളുകളുടെ ശൈലി. എത്യോപ്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല.

RELATED STORIES

Share it
Top