ഹാട്രിക്കടിച്ച് മിക്കു; ഹീറോ സൂപ്പര്‍ കപ്പില്‍ ബംഗളൂരു ഫൈനലില്‍
കൊല്‍ക്കത്ത: പ്രഥമ ഹീറോ സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ കരുത്തരായ ബംഗളൂരു എഫ്‌സിയും ഈസ്റ്റ് ബംഗാളും കൊമ്പുകോര്‍ക്കും. ഇന്നലെ നടന്ന സെമി ഫൈനലില്‍ മോഹന്‍ ബഗാനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗളൂരു എഫ്‌സി ഫൈനലില്‍ സീറ്റുറപ്പിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്നിട്ടശേഷമാണ് ബംഗളൂരു വിജയം പിടിച്ചത്. വെനസ്വേലന്‍ താരം മിക്കുവിന്റെ ഹാട്രിക്ക് ഗോളാണ് ബംഗളൂരുവിന് ഫൈനലിലേക്കുള്ള വഴി തുറന്നത്.
ഐ ലീഗ് വിട്ട് ഐഎസ്എല്ലിലേക്ക് കൂടുമാറിയെത്തിയ സീസണില്‍ തന്നെ ഫൈനലില്‍ കളിച്ച ബംഗളൂരുവിന്റെ കളിമികവിന് മുന്നില്‍ ബഗാന്‍ നിര നിഷ്പ്രഭമാവുകയായിരുന്നു. സൂപ്പര്‍ താരങ്ങളെയെല്ലാം ആദ്യ ഇലവനില്‍ത്തന്നെ ബംഗളൂരു കളത്തിലിറക്കിയെങ്കിലും ആദ്യ പകുതിയില്‍ മികവിനൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. 42ാം മിനിറ്റില്‍ ബംഗളൂരുവിനെ ഞെട്ടിച്ച് മോഹന്‍ ബഗാന്‍ അക്കൗണ്ട് തുറന്നു. 42ാം മിനിറ്റില്‍ ദിപാന്ത ഡികയാണ് ബഗാനുവേണ്ടി വലകുലുക്കിയത്. ആദ്യ പകുതിയിലെ പിന്നിടുള്ള സമയത്ത് ഗോളകന്ന് നിന്നതോടെ 1-0ന്റെ ലീഡുമായാണ് മോഹന്‍ ബഗാന്‍ കളം വിട്ടത്.
രണ്ടാം പകുതിയുടെ 50ാം മിനിറ്റില്‍ ബംഗളൂരുവിന് തിരിച്ചടി നല്‍കി നിശുകുമാര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. പിന്നീട് 10 പേരായി ചുരുങ്ങിയെങ്കിലും കളത്തില്‍ നിറഞ്ഞാടിയ മിക്കുവിന്റെ മികവില്‍ ബംഗളൂരു കളി തിരിച്ചുപിടിക്കുകയായിരുന്നു. 62ാം മിനിറ്റിലും 65ാം മിനിറ്റിലും മിക്കുവിന്റെ കാലുകള്‍ ലക്ഷ്യം കണ്ടതോടെ 2-1ന് ലീഡ് ബംഗളൂരുവിനൊപ്പം. ലീഡെടുത്തതോടെ പ്രതിരോധം ശക്തിപ്പെടുത്തിയ ബംഗളൂരുവിന് മുന്നില്‍ ബഗാന്‍ നിര വിയര്‍ത്തു. 89ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ മിക്കു ബംഗളൂരു അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. തൊട്ടടുത്ത മിനിറ്റില്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയും ലക്ഷ്യം കണ്ടതോടെ 4-1ന് ബംഗളൂരു മുന്നില്‍. ഇഞ്ചുറി ടൈമില്‍ ഡികയിലൂടെ മോഹന്‍ ബഗാന്‍ അക്കൗണ്ടില്‍ രണ്ടാം ഗോളും ചേര്‍ത്തെങ്കിലും വിജയത്തിലേക്കത് മതിയാവുമായിരുന്നില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 4-2ന്റെ ജയത്തോടെ ഫൈനല്‍ ടിക്കറ്റെടുത്താണ് ബംഗളൂരു മൈതാനം വിട്ടത്. ഐഎസ്എല്ലില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനുറച്ചാവും ഈസ്റ്റ് ബംഗാളിനെതിരേ ബംഗളൂരു ബൂട്ടണിയുക. ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചായിരുന്നു ഈസ്റ്റ് ബംഗാള്‍ ഫൈനലില്‍ പ്രവേശിച്ചത്. ഈ മാസം 20തിനാണ് ഫൈനല്‍.

RELATED STORIES

Share it
Top