ഹാജിമാര്‍ സ്വരൂപിച്ച കാല്‍ കോടി രൂപ അടുത്ത മാസം കൈമാറും

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷം ഹജ്ജിനു പോയവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത് കാല്‍ കോടി രൂപ. ഹജ്ജ് തീര്‍ത്ഥാടകര്‍ പരിശുദ്ധ മക്കയില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 25,03,138 രൂപ സ്വരൂപിച്ചുനല്‍കിയത്. തീര്‍ത്ഥാടക സംഘം മടങ്ങിയെത്തിയപ്പോഴാണ് ഓരോ വിമാനത്തിലെയും തുക ഹജ്ജ് കമ്മിറ്റി സ്വീകരിച്ചത്.
പ്രളയക്കെടുതിയില്‍ അവസാന നിമിഷം തീര്‍ത്ഥാടകരും ദുരിതത്തിലായിരുന്നു. കൊച്ചി വിമാനത്താവളം പ്രളയത്തില്‍ അടച്ചതിനാല്‍ അവസാന ഹജ്ജ് സര്‍വീസുകള്‍ തിരുവനന്തപുരത്തു നിന്നാണ് പുറപ്പെട്ടത്. കേരളത്തിന്റെ പ്രളയക്കെടുതിയില്‍ തീര്‍ത്ഥാടകര്‍ സഹായം തേടിയതോടെ മികച്ച പ്രതികരണമാണുണ്ടായത്. ഹജ്ജ് വോളന്റിയര്‍മാരും ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയിരുന്നു. ഹാജിമാരില്‍ നിന്ന് സ്വരൂപിച്ച തുക ഒക്‌ടോബര്‍ 3ന് തിരുവനന്തപുരത്ത് ഹജ്ജ് മന്ത്രി ഡോ. കെ ടി ജലീലിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു.

RELATED STORIES

Share it
Top