ഹാജറ കൊല്ലരുകണ്ടി അധികാരമേറ്റു

താമരശ്ശേരി: താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ ഹാജറ കൊല്ലരുകണ്ടി  ചുമതലയേറ്റു. ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരി മടവൂര്‍ ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.പരപ്പന്‍ പൊയില്‍ ഈസ്റ്റ് വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന ഹാജറയെ നവാസ് ഈര്‍പോണ നാമനിര്‍ദ്ദേശം നടത്തി. പിഎസ് മുഹമ്മദലി പിന്തുണച്ചു. ഇടതുമുന്നണിയില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎമ്മിലെ രത്‌നവല്ലിയെ പി എം ജയേശ് നാമനിര്‍ദ്ദേശം ചെയ്തു. ഷൈലജ പിന്താങ്ങി. അഞ്ചിനെതിരെ 12 വോട്ടുകള്‍ക്ക് ഹാജറ കൊല്ലരുകണ്ടി വിജയിച്ചതായി വരണാധികാരി പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് സമാപിച്ചു. 19 അംഗ ഭരണസമിതിയില്‍ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. യുഡിഎഫിലെ കെ സി മാമു മാസ്റ്റര്‍ (വൈസ് പ്രസിഡന്റ്)അസുഖത്തെ തുടര്‍ന്നും എല്‍ഡിഎഫിലെ മുസ്തഫ സ്ഥലത്തില്ലാത്തിനെ തുടര്‍ന്നുമാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നത്. യുഡിഎഫ് ധാരണ പ്രകാരം മുന്‍ പ്രസിഡന്റ് കോണ്‍ഗ്രസിലെ കെ സരസ്വതി രാജിവെച്ച ഒഴിവിലാണ് ഹാജറ പ്രസിഡന്റാവുന്നത്. ഇവര്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.തുടര്‍ന്നു നടന്ന അനുമോദന യോഗം മുന്‍ എംഎല്‍എ സി മോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. വി എം ഉമ്മര്‍ മാസ്റ്റര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, കതെവി മുഹമ്മദ് സംസാരിച്ചു.

RELATED STORIES

Share it
Top