ഹസ്തദാനം

ഹസ്തദാനം പൗരത്വത്തിന്റെ മാനദണ്ഡമാണോ? മതേതരത്വത്തിന്റെയും ലിബറലിസത്തിന്റെയും ജനാധിപത്യത്തിന്റെയും പറുദീസയെന്ന് അഭിമാനിക്കുന്ന ഫ്രാന്‍സില്‍ ഈയിടെയുണ്ടായ ഒരു കോടതിവിധിയാണ് സംശയം ജനിപ്പിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് പൗരത്വരേഖ നല്‍കുന്ന ചടങ്ങില്‍ പങ്കെടുത്ത രണ്ടു പുരുഷന്‍മാരെ ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് ഒരു അല്‍ജീരിയക്കാരിക്ക് പൗരത്വം നിഷേധിക്കപ്പെട്ടത്. 2016ല്‍ അല്‍ജീരിയയില്‍ വച്ചു കണ്ടുമുട്ടിയ ഫ്രഞ്ചുകാരനെ വിവാഹം ചെയ്ത ആ സ്ത്രീ ഭര്‍ത്താവിനോടൊപ്പം പാരിസില്‍ താമസിച്ചുവരുകയായിരുന്നു. തുടര്‍ജീവിതത്തില്‍ നിയമപരമായ സാങ്കേതികതടസ്സം ഉണ്ടാവാതിരിക്കാനാണ് പൗരത്വത്തിനു വേണ്ടി അപേക്ഷ നല്‍കിയത്.
പക്ഷേ, പൗരത്വം ലഭിക്കാന്‍ ഹസ്തദാനം കൂടിയേ തീരൂ എന്നവര്‍ അറിഞ്ഞിരുന്നില്ല. അടുത്ത ബന്ധുക്കളല്ലാത്ത ആണുങ്ങളെ സ്പര്‍ശിക്കാന്‍ തന്റെ വിശ്വാസം അനുവദിക്കുന്നില്ലെന്നു പറഞ്ഞാണ് ആ സ്ത്രീ ഹസ്തദാനത്തിനു വിമുഖത പ്രകടിപ്പിച്ചത്. അവരുടെ മതമോ പേരോ വെളിപ്പെടുത്തിയിട്ടില്ല. പൗരത്വം നിഷേധിക്കാന്‍ കാരണം മതമല്ല മറിച്ച്, സ്വാംശീകരണത്തിന്റെ അഭാവമാണെന്നാണ് കോടതിയുടെ വിശദീകരണം.
സ്വന്തം സാംസ്‌കാരിക വ്യക്തിത്വം നിലനിര്‍ത്താന്‍ ഫ്രാന്‍സില്‍ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഈ സംഭവം തുറന്നുകാട്ടുന്നു.

RELATED STORIES

Share it
Top