ഹവായി: അഗ്നിപര്‍വത സ്‌ഫോടനത്തിന് പിറകേ ഭൂചലനങ്ങളും

ഹോനലുലു: യുഎസ് ദ്വീപായ ഹവായിയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തിനു പിറകേ ഭൂചലനങ്ങളും. ഹവായിയിലെ ബിഗ് ഐലന്‍ഡ് ദ്വീപിലാണ് അഗ്നിപര്‍വത സ്‌ഫോടനവും തൊട്ടുപിറകേ ഭൂചലനങ്ങളും നടന്നത്. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. 1975നുശേഷം ഹവായിയിലുണ്ടാവുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്.
ദ്വീപിലെ സജീവ അഗ്‌നിപര്‍വതങ്ങളിലൊന്നായ കിലവെയ്യ ആണു പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. അഗ്‌നിപര്‍വതസ്‌ഫോടനത്തെ തുടര്‍ന്ന് ഹവായ് ദ്വീപില്‍ നിന്ന് 1500ഓളം ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തെത്തുടര്‍ന്ന് 38മീറ്റര്‍ വരെ ഉയരത്തില്‍ ലാവ പുറത്തേക്കു വന്നിരുന്നു. ലാവാപ്രവാഹത്തിനൊപ്പം അന്തരീക്ഷത്തില്‍ വിഷവാതകമായ സള്‍ഫര്‍ ഡയോക്‌സൈഡിന്റെ സാന്നിധ്യവും അപകടകരമാംവിധം വര്‍ധിച്ചിട്ടുണ്ട്. വനപ്രദേശത്തുകൂടി ലാവ ഒഴുകിനീങ്ങുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു. കിലവെയ്യയുടെ കിഴക്കന്‍ ഭാഗത്തായുണ്ടായ വിള്ളലില്‍ നിന്നാണ് ലാവാപ്രവാഹമുണ്ടായത്. തുടര്‍ച്ചയായി രണ്ടു മണിക്കൂറോളം ലാവ പുറന്തള്ളപ്പെട്ടു.
ലാവാ പ്രവാഹത്തില്‍പ്പെട്ടു വൈദ്യുതകമ്പികള്‍ ഉരുകിപ്പോയതായി അധികൃതര്‍ അറിയിച്ചു. ഒഴിപ്പിക്കപ്പെട്ടവര്‍ക്കായി രണ്ടു കമ്മ്യൂണിറ്റി സെന്ററുകളിലായി ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഹവായ് നാഷനല്‍ ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

RELATED STORIES

Share it
Top