ഹലാല്‍ ഫായിദ കോ-ഓപറേറ്റീവ് സൊസൈറ്റിക്കെതിരേ ബിജെപി രംഗത്ത്

കണ്ണൂര്‍: മുസ്‌ലിം ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ തുടങ്ങുന്ന പലിശരഹിത സഹകരണ സംഘമായ ഹലാല്‍ ഫായിദ കോ-ഓപറേറ്റീവ് സൊസൈറ്റിക്കെതിരേ ബിജെപി രംഗത്ത്.  ഇസ്‌ലാമിക് ബാങ്ക് ആരംഭിക്കാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിലെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ സാമ്പത്തിക മേഖല ഒരുവിഭാഗം പിടിച്ചെടുക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിത്. സാമ്പത്തിക മേഖല പാര്‍ട്ടിക്ക് ഗുണകരമായ രീതിയില്‍ കൈയടക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി. അതേസമയം, പൂര്‍ണമായും സഹകരണ നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഹലാല്‍ ഫായിദയുടെ ഉദ്ഘാടനം ഇന്നു വൈകീട്ട് മൂന്നിനു കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.രണ്ടു മാസത്തിനുള്ളില്‍ പതിനായിരം അംഗങ്ങളെ ചേര്‍ക്കാനും അഞ്ചുകോടി രൂപ സമാഹരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. അംഗങ്ങളുടെ ഓഹരിയും നിക്ഷേപവും ഉള്‍പ്പെടെ മുഴുവന്‍ ഇടപാടുകളും പലിശരഹിതമായിരിക്കും. സൊസൈറ്റി വിവിധ മേഖലകളില്‍ തുടങ്ങുന്ന സംരംഭങ്ങളില്‍ തുക നിക്ഷേപിക്കും. കേരളത്തിനകത്തും പുറത്തും വന്‍ സാധ്യതയുള്ള മാംസവ്യവസായം തുടങ്ങാനുള്ള പ്രാരംഭപ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം ഷാജര്‍ ആണ് സൊസൈറ്റി പ്രസിഡന്റ്.

RELATED STORIES

Share it
Top