ഹലാല്‍ നിക്ഷേപമെന്ന പേരില്‍ തട്ടിപ്പ്കമ്പനികള്‍ക്കെതിരേ സിബിഐ അന്വേഷണം വേണമെന്ന്

ന്യൂഡല്‍ഹി: ഹലാല്‍ നിക്ഷേപമെന്ന പേരില്‍ വന്‍ തുക വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തുന്ന ബംഗളൂരുവിലെ കമ്പനികള്‍ക്കെതിരേ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഉബൈദുല്ല ശരീഫ് മുഖ്യമന്ത്രി കുമാരസ്വാമി—ക്ക് കത്തെഴുതി.
ബംഗളൂരുവിലെ ചില വന്‍കിട കമ്പനികളാണ് ഹലാല്‍ നിക്ഷേപമെന്ന പേരില്‍ വലിയ തുക ലാഭവിഹിതം വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിച്ച് പണം തട്ടുന്നത്. ഇവരുടെ ഇരകളില്‍ ഭൂരിഭാഗവും മുസ്്‌ലിംകളാണ്. കമ്പനി ഉടമകള്‍ വിദേശത്തേക്ക് രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അംബിദാന്ത് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ്, ആല വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, അജ്മീര പ്രൈവറ്റ് ലിമിറ്റഡ്, ബുറാഭ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്നവേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്, ആല്‍ഫ ട്രേഡേഴ്‌സ്, ജെഎസ്‌ജെ ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ്, ഇഖ്‌റഅ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, മുസാരിബ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, സംസം ഇന്‍വെസ്റ്റ്‌മെന്‍സ്, മോര്‍ജെനല്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് ഇത്തരത്തില്‍ തട്ടിപ്പിന് പിന്നില്‍. വലിയ ലാഭം പ്രതീക്ഷിച്ച് പലരും ഈ കമ്പനികളില്‍ വീടും സ്ഥലവും മറ്റും വിറ്റ് പണം നിക്ഷേപിച്ചിട്ടുണ്ട്. ഈ കമ്പനികള്‍ പലരും പല പേരുകളില്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കമ്പനികള്‍ക്കൊന്നും നിക്ഷേപം സ്വീകരിക്കാന്‍ ആര്‍ബിഐയുടെയോ, സെബിയുടെയോ അനുമതിയില്ല. പണം കിട്ടാന്‍ മുസ്്‌ലിം പണ്ഡിതന്‍മാരെ മുന്നില്‍ നിര്‍ത്തിയാണു ചിലര്‍ നിക്ഷേപം സ്വരൂപിക്കുന്നത്- കത്തില്‍ ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top