ഹര്‍ത്താല്‍; 40 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ജമ്മുകശ്മീരില്‍ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവങ്ങളില്‍ പോലിസ് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നാല്‍പതോളം പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കുമ്പളയിലാണ്. ഒമ്പതു കേസുകളിലായി 42 പേര്‍ക്കെതിരേയാണ് കേസെടുത്തത്.
വിദ്യാനഗറില്‍ നാലു കേസുകളിലായി ഒമ്പത് പേരെ അറസ്റ്റു ചെയ്തു. റോഡ് തടസ്സപ്പെടുത്തുക, ബസിനു കല്ലെറിയുക, വാഹനങ്ങള്‍ തടയുക എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസ്. കാസര്‍കോട് ടൗണ്‍ പോലിസ് ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ സ്ഥലങ്ങളില്‍ റോഡ് തടസ്സപ്പെടുത്തുകയും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചതിനുമാണ് കേസ്. 23 പേരെ അറസ്റ്റ് ചെയ്തു. ബേക്കലില്‍ നാലു കേസുകളിലായി ഒമ്പതു പേരെ അറസ്റ്റു ചെയ്തു.
കുണിയ, ബേക്കല്‍, മാങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ റോഡ് തടസ്സപ്പെടുത്തിയെന്നാണ് കേസ്. മഞ്ചേശ്വരത്ത് മൂന്നു സംഭവങ്ങളിലായി 51 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. കരുവാച്ചേരിയില്‍ ബസിനു കല്ലെറിഞ്ഞതിനു നീലേശ്വരം പോലിസ് കേസെടുത്തു.
ബദിയടുക്ക: കഴിഞ്ഞ ദിവസമുണ്ടായ അപ്രഖ്യാപിത ഹര്‍ത്താലിനിടെ റോഡ് തടസ്സപെടുത്തിയതിനും പോലിസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും ബദിയടുക്ക പോലിസ് 57 പേര്‍ക്കെതിരേ കേസെടുത്തു. ബാഡൂര്‍ ചള്ളങ്കയത്തുണ്ടായ അനിഷ്ഠ സംഭവവുമായി ബന്ധപ്പെട്ട് ധര്‍മ്മത്തടുക്ക അടുക്കത്തെ ബാദുഷ ഉള്‍പ്പെടെ 26 പേര്‍ക്കെതിരേയും ബദിയടുക്ക മാവിനക്കട്ടയില്‍ റോഡ് തടസ്സപ്പെടുത്തിയതിന് മുഹമ്മദ് അല്‍ത്താഫ്, റഷീദ്, സാദീഖ്, സുലൈമാന്‍ എന്നിവര്‍ക്കും മറ്റു 20 പേര്‍ക്കെതിരെ ബദിയടുക്ക പോലിസ് കേസെടുത്തു. മസ്തിക്കുണ്ടിലുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരേ ആദൂര്‍ പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top