ഹര്‍ത്താല്‍ വിജയിപ്പിക്കും: ദലിത് സംഘടനാ സംയുക്തയോഗം
kasim kzm2018-04-08T09:57:08+05:30
തൊടുപുഴ: ഹോട്ടല്‍, വ്യാപാരി, ബസ് ഉടമ സംഘടനകളുടെ നിസഹകരണ പ്രഖ്യാപനത്തെ അവഗണിച്ച് നാളത്തെ ഹര്‍ത്താല്‍ ശക്തമാക്കാന്‍ വിവിധ ദലിത് സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. തൊടുപുഴയില്‍ ചേര്‍ന്ന സിഎസ്ഡിഎസ്, ദലിത് ഐക്യസമിതി, കെഡിപി, എന്‍ജെപി, ബിഎസ്പി, കെപിയുഎസ്എസ്, കെഎഎസ്, ചേരമര്‍ സംഘം, എസ്എല്‍എഫ്, എസ്എംഎസ് എന്നീ സംഘടനകളുടെ നേതൃയോഗമാണ് ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി വിയര്‍പ്പൊഴുക്കുന്നവരാണ് ദലിതര്‍. വ്യാപാരി വ്യവസായി, ബസ് ഓണേഴ്സ് അസോസിയേഷനും ദലിത് സമരത്തെ അധിക്ഷേപിക്കുന്നത് അപകടകരമായിരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി. ആധുനിക ജാതിബോധത്തില്‍ നിന്നുടലെടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്കെതിരേ ആത്മാഭിമാനികളായ മുഴുവന്‍ ദലിതരും രംഗത്തുവരുമെന്നും ദലിത് ഐക്യസമതി നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു. ദലിതര്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താലിനോടുള്ള സവര്‍ണ ധാര്‍ഷ്ഠ്യത്തെ പരാജയപ്പെടുത്താന്‍ ഒറ്റക്കെട്ടായി അണിചേരുമെന്ന് ദളിത് ഐക്യസമിതി സംസ്ഥാന പ്രസിഡന്റ് കെ കെ ജിന്ഷുവും കേരള ദലിത് പാന്തേഴ്സ് ജില്ലാ പ്രസിഡന്റ് സജി നെല്ലാനിക്കാട്ടും അറിയിച്ചു. നാളത്തെ ഹര്‍ത്താലിനെ അനുകൂലിക്കുന്നതായി അഖില തിരുവിതാംകൂര്‍ മല അരയ മഹാസഭ പ്രസിഡന്റ് സി കെ ശശിധരന് അറിയിച്ചു.