ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതം : എല്‍ഡിഎഫ്കല്‍പ്പറ്റ: നിര്‍ദിഷ്ട നഞ്ചന്‍കോട്- സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ റെയില്‍വേയുമായി ബന്ധപ്പെടുത്തി യുഡിഎഫ്, എന്‍ഡിഎ ജില്ലാ ഘടകങ്ങള്‍ നാളെ വെവ്വേറെ നടത്താന്‍ തീരുമാനിച്ച വയനാട് ഹര്‍ത്താല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍, ഘടകകക്ഷി നേതാക്കളായ വിജയന്‍ ചെറുകര, എന്‍ കെ മുഹമ്മദുകുട്ടി, സി എന്‍ ശിവരാമന്‍, കെ പി ശശികുമാര്‍ എന്നിവര്‍ ആരോപിച്ചു. അന്തിമ സര്‍വേയ്ക്ക് പണം അനുവദിക്കാതെയും കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താതെയും നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍വേ പദ്ധതി അട്ടിമറിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന കല്ലുവച്ച നുണയാണ് യുഡിഎഫ്, എന്‍ഡിഎ നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. സര്‍വേ ജോലികള്‍ക്കായി ഡിഎംആര്‍സിക്ക് കൈമാറുന്നതിനുള്ള പണം സര്‍ക്കാര്‍ നേരത്തേ അനുവദിച്ചതാണ്. വയനാട് റെയില്‍വേയുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്‍ഡിഎഫ് നേതാക്കളും എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു എന്നിവരും ഇക്കഴിഞ്ഞ 11ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുകയുണ്ടായി. ജനങ്ങളുടെ ആശങ്ക അറിയിച്ച എല്‍ഡിഎഫ് നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും പാത യാഥാര്‍ഥ്യമാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിന് കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രിസഭാ ഉപസമിതിയെ അയക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതാണ്. പാത നിര്‍മാണത്തില്‍ കര്‍ണാടകയ്ക്കാണ് ഇപ്പോള്‍ താല്‍പര്യമില്ലാത്തത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കാട്ടിയിരുന്ന താല്‍പര്യം കര്‍ണാടകയ്ക്ക് ഇപ്പോഴില്ല- നേതാക്കള്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top