ഹര്‍ത്താല്‍: പ്രവര്‍ത്തകരുടെ പങ്ക് സിപിഎമ്മും മുസ്‌ലിംലീഗും അന്വേഷിക്കുന്നു

കെ  പി   ഒ    റഹ്മത്തുല്ല
മലപ്പുറം: സാമൂഹികമാധ്യമ ങ്ങള്‍  വഴി കഴിഞ്ഞ 16ന് നടന്ന ഹര്‍ത്താലില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് മുസ്‌ലിംലീഗും സിപിഎമ്മും രഹസ്യമായി അന്വേഷിക്കുന്നു.
ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ഹര്‍ത്താലില്‍ പങ്കെടുത്തതിന്റെ പേരില്‍ പോലിസ് പിടിയിലാവുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണു അന്വേഷണം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളിലെ പ്രവര്‍ത്തകരുടെ പങ്കാണ് അന്വേഷിക്കുന്നത്. ഇതിനായി ഇരു പാര്‍ട്ടികളും ജില്ലാ കമ്മറ്റികള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്. പോലിസിന്റെയും  സാമൂഹിക മാധ്യമങ്ങളിലെ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഹര്‍ത്താല്‍ വിജയത്തിനായി രംഗത്തിറങ്ങിയ പ്രവര്‍ത്തകരുടെ വിശദമായ പട്ടിക പത്തു ദിവസത്തിനകം നല്‍കണമെന്നാണു മുസ്്‌ലിംലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎമ്മാവട്ടെ ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അറിയിക്കണമെന്നാണു താഴെയുള്ള കമ്മറ്റികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്.
തങ്ങളുടെ പ്രവര്‍ത്തകര്‍ ഹര്‍ത്താലില്‍ പങ്കെടുത്തിട്ടില്ലെന്നു അവകാശപ്പെടുമ്പോഴും ധാരാളം പ്രവര്‍ത്തകര്‍ ഹര്‍ത്താലില്‍ അക്രമം നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നതാണ് ലീഗ്, സിപിഎം നേതാക്കള്‍ക്ക് തലവേദനയായത്. അക്രമം കാണിക്കുകയും ഹര്‍ത്താല്‍ വിജയത്തിനായി സജീവമായി രംഗത്തിറങ്ങുകയും ചെയ്തവര്‍ക്കെതിരേ കര്‍ശനമായ നടപടിയുണ്ടാവണമെന്നു ചില  പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നു തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്. മുസ്്‌ലിംലീഗ് ശാഖാ കമ്മറ്റികള്‍ക്കും സിപിഎം ബ്രാഞ്ച് കമ്മറ്റികള്‍ക്കുമാണ് അന്വേഷണച്ചുമതല. മേല്‍ക്കമ്മറ്റികള്‍ പരിശോധിച്ച ശേഷം അന്വേഷണ റിപോര്‍ട്ട് ജില്ലാ കമ്മറ്റിക്കു സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണത്തില്‍ നിഷ്പക്ഷത പാലിക്കണമെന്നും ഒരു സമ്മര്‍ദത്തിനും വഴങ്ങരുതെന്നും പങ്കെടുത്ത ആരേയും ഒഴിവാക്കരുതെന്നും സിപിഎം പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യാധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഹര്‍ത്താലിന്റെ പേരില്‍ കുറ്റപ്പെടുത്തിയ എസ്ഡിപിഐയുടെ പങ്ക് നിസ്സാരമാണെന്നാണ് പോലിസും രഹസ്യാന്വേഷണ വിഭാഗവും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത്  ആയിരത്തിലേറെ പേര്‍ പിടിയിലായവരില്‍ ഇതുവരെ 60 പേര്‍ മാത്രമാണ് എസ്ഡിപിഐക്കാരായി പോലിസ് കണക്കിലുള്ളത്. ഹര്‍ത്താലിന്റെ പേരില്‍ എസ്ഡിപിഐക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലിസില്‍ സമ്മര്‍ദമുണ്ടെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുകയുണ്ടായി.

RELATED STORIES

Share it
Top