ഹര്‍ത്താല്‍: പോഷക ദലിത്-ആദിവാസി സംഘടനകളുടെ കപടമുഖം വെളിപ്പെട്ടെന്ന്

കല്‍പ്പറ്റ: ദലിത് സംഘടനകളുടെ സംയുക്ത ഹര്‍ത്താല്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ തടവറയിലുള്ള പട്ടികജാതി ക്ഷേമ സമിതി, ആദിവാസി ക്ഷേമസമിതി, പട്ടികവര്‍ഗ മോര്‍ച്ച തുടങ്ങിയ സംഘടനകളുടെ കപടമുഖം വെളിവാക്കിയെന്നു വിവിധ ദലിത് സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സുപ്രിംകോടതി വിധിയിലെ ദലിത് വിരുദ്ധ നിലപാടിലൂടെ അനിവാര്യമായ ഭാരതബന്ദില്‍ 12ഓളം ദലിതര്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടപ്പോഴും അതിന്റെ തുടര്‍ച്ചയായി നടത്തിയ സംസ്ഥാന ഹര്‍ത്താലിലും നിലപാട് എടുക്കാന്‍ കഴിയാത്ത ഇത്തരം സംഘടനകള്‍ പിരിച്ചുവിട്ട് തങ്ങളോട് കൈകോര്‍ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഹര്‍ത്താല്‍ സമാധാനപരമായി അവസാനിച്ചതോടെ, തെറ്റായ സന്ദേശം പ്രചരിപ്പിച്ചും നേതാക്കളെ കസ്റ്റഡിയിലെടുത്തും ഹര്‍ത്താല്‍ പൊളിക്കാനുള്ള ഭരണകൂട ശ്രമം പരാജയപ്പെട്ടു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളില്‍ ദലിതര്‍ക്കും ഇടമുണ്ടെന്നു തെളിയിക്കുന്നതാണ് ഹര്‍ത്താലിന്റെ വിജയമെന്നും നേതാക്കള്‍ പറഞ്ഞു. ഹര്‍ത്താലിന്റെ പ്രസക്തി മനസ്സിലാക്കി പിന്തുണ നല്‍കിയ മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വ്യാപാരി, വാഹന ഉടമകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കും നേതാക്കള്‍ നന്ദി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നാഡോ സംസ്ഥാന ചെയര്‍മാന്‍ പി കെ രാധാകൃഷ്ണന്‍, ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്‌സി/എസ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ മണിയപ്പന്‍, ഐഡിഎഫ് ജില്ലാ പ്രസിഡന്റ് കെ വേലപ്പന്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി, ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ് കെ അമ്മിണി, കെഡിപി ജില്ലാ കൗണ്‍സിലര്‍ കെ കെ സുരേഷ്, ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്‌സി/എസ്ടി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പി വി രാജന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top