ഹര്‍ത്താല്‍: പോലിസ് പലയിടത്തും പ്രകോപനം സൃഷ്ടിച്ചെന്ന് ആരോപണം

ചെര്‍പ്പുളശ്ശേരി: കഠ്‌വ കൂട്ടബലാല്‍സംഗത്തിലെ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഹര്‍ത്താലില്‍ ചിലയിടത്ത് പോലിസ് മനപ്പൂര്‍വം പ്രകോപനം സൃഷ്ടിച്ചതായി ആരോപണം.
ചെര്‍പ്പുളശ്ശേരിയിലെ വിവിധ പ്രദേശങ്ങളില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങള്‍ പോലിസ് നശിപ്പിച്ചു. സീറ്റ് കവര്‍ കുത്തിക്കീറുക, ഗ്ലാസ് അടിച്ചുതകര്‍ക്കുക, പ്ലഗ് വയറുകള്‍ മുറിച്ചു മാറ്റുക എന്നിവ ചെയ്തിട്ടുണ്ട്. പാലക്കാട് നഗരത്തിലെ ചിലയിടങ്ങളിലും വാഹനങ്ങള്‍ക്കു നേരെ അതിക്രമം നടന്നിട്ടുണ്ട്. ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷന്‍ പരിധിയിലായി നിരവധി പേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
പലരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പട്ടാമ്പി, തൃത്താല ഭാഗങ്ങളില്‍ നിരപരാധികളെ പോലും പോലിസ് പിടികൂടിയതായി ആരോപണമുണ്ട്. ആലൂരില്‍ അടക്കമുളള സ്ഥലങ്ങളില്‍ ജനങ്ങളെ പിരിച്ചു വിടാന്‍ പോലിസിന് ലാത്തി വീശേണ്ടിവന്നു.
എന്നാല്‍ ആലൂര്‍ ഉള്‍പ്പെടെയുളള ഭാഗങ്ങളില്‍ പോലിസ് കാരണമില്ലാതെ ലാത്തിവീശുകയായിരുനെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ പറയുന്നു.  ഹര്‍ത്താലിന്റെ ഭാഗമായി രാവിലെ മുതല്‍ തന്നെ വ്യാപാരികള്‍ കടകള്‍ സ്വമേധയാ അടച്ച് സഹകരിച്ചിരുന്നു. എന്നാല്‍ പത്തോടെ ആലൂരിലെത്തിയ തൃത്താല പോലിസ് അവിടെയുണ്ടായിരുന്ന ജനങ്ങളെ പ്രകോപനമില്ലാതെ ലാത്തി വീശി ഓടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
ലാത്തിയില്‍ പ്രായമായവര്‍ വരെ പോലിസിന്റെ അടിയേല്‍കേണ്ടി വന്നു. ഇതിനിടയില്‍ ഓടിയവരെ പിടികൂടാനെന്ന നിലയില്‍ പോലിസുകാര്‍ അവിടുത്തെ വീടുകളില്‍ കയറി സ്ത്രീകളടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇതെ തുടര്‍ന്ന് നാട്ടുകാര്‍ പോലിസ് വാഹനം തടഞ്ഞുവച്ചെങ്കിലും നാട്ടിലെ പ്രമുഖര്‍ ഇടപെട്ട് പ്രശ്‌നം ശാന്തമാക്കുകയായിരുന്നു. ഇതിനിടയില്‍ കുണ്ടുകാട് കടകള്‍ക്കു സമീപം നിര്‍ത്തിയിട്ട ഒരു ബൈക്കും പോലിസ് കൊണ്ടുപോയി. ചാലിശ്ശേരി സ്‌റ്റേഷന്‍ പരിധിയില്‍ കൂട്ടുപാത, കൂറ്റനാട്, ചാലിശ്ശേരി, വാവനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഹര്‍ത്താല്‍ അനുകൂലികള്‍ എന്ന് പറഞ്ഞ് യൂവാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top