ഹര്‍ത്താല്‍: പിടിയിലായവര്‍ മുഴുവന്‍ കേസുകളിലും പ്രതികളാവും, കാത്തിരിക്കുന്നത് നൂറിലേറെ കേസുകള്‍!മഞ്ചേരി: സാമൂഹിക മാധ്യമങ്ങള്‍ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ പിടിയിലായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഹര്‍ത്താലിന്റെ മറിവില്‍ സംസ്ഥാനത്തെ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലും പ്രതികളാവുമെന്ന് പോലിസ് വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ചെയ്ത നൂറിലേറെ കേസുകളില്‍ ഇവര്‍ പ്രതികളായി മാറും. മഞ്ചേരി പോലിസ് സ്‌റ്റേഷനില്‍ മാത്രം 18 കേസുകളാണ് ഇവരുടെ പേരിലുള്ളത്.
സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കൊല്ലം തെന്മല ഉഴുക്കുന്ന് അമരാലയത്തില്‍ അമര്‍നാഥ് ബൈജു (21), തിരുവനന്തപുരം സ്വദേശികളായ നെല്ലിവിള വെണ്ണിയൂര്‍ കുന്നുവിള അഖില്‍ (23), വെണ്ണിയൂര്‍ പുത്തന്‍വീട്ടില്‍ സുധീഷ് (22), കുന്നപ്പുഴ നിറക്കകം സിറില്‍ നിവാസില്‍ സിറില്‍ (22), നെയ്യാറ്റിന്‍കര വഴുതക്കല്‍ ഇലങ്ങം റോഡ് ഗോകുല്‍ ശേഖര്‍ (21) എന്നിവരെയാണ് മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ കീഴില്‍ രൂപീകരിച്ച രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കലാപം, കലാപത്തിന് ആഹ്വാനം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഗതാഗതം തടസപ്പെടുത്തല്‍, ആക്രമം നടത്തല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍, പെണ്‍കുട്ടിയെ അപമാനിക്കല്‍, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത ശേഷം പ്രതികളെ പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്‍, മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു സംഘമായി പിരിഞ്ഞ് കൊല്ലത്തേയും തിരുവനന്തപുരത്തേയും വീടുകളിലെത്തിയാണ്  അഞ്ചുപേരേയും പിടികൂടിയത്. ഹര്‍ത്താല്‍ അക്രമാസക്തമാവുന്നതിനു കാരണമായ വാട്‌സാപ്പ് സന്ദേശങ്ങള്‍ പരിശോധിച്ചാണ് അന്വേഷണ സംഘം പ്രതികളിലേക്കെത്തിയത്.
സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന അമര്‍നാഥാണ് സോഷ്യല്‍ മീഡിയ ഹര്‍ത്താലിനുള്ള വഴിയൊരുക്കിയത്. ഇയാളുടെ പിതാവും ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. പ്രാദേശിക കാരണങ്ങളാല്‍  ഇരുവരും ശിവസേനയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വിവരമുണ്ട്. സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന്റെ മറവില്‍ കലാപം ലക്ഷ്യമിട്ട് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് അമര്‍നാഥായിരുന്നു. ഇതിനു പിന്തുണയേറിയതോടെ വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്‌റ്റേഴ്‌സ് എന്നീ ഗ്രൂപ്പുകള്‍കൂടി അമര്‍മാഥ് നിര്‍മ്മിച്ചു. 13ന് സ്വന്തം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചായിരുന്നു ഇത്. പതിനൊന്നു പേരെ ഇതിന്റെ അഡ്മിന്‍മാരാക്കി തുടര്‍ന്ന് ഇവയിലൂടെയായിരുന്നു ചര്‍ച്ചകള്‍.
കഠ്‌വ പെണ്‍കുട്ടിയുടെ പേരില്‍ തുടങ്ങിയ ഗ്രൂപ്പ് പിന്നീട് കോടതിയുടെ നിര്‍ദേശം വന്നതോടെ വോയ്‌സ് ഓഫ് സിസ്‌റ്റേഴ്‌സ് എന്ന പേരിലേക്ക് മാറ്റി. ബാലികയ്ക്കു നീതി ഉറപ്പാക്കാന്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ മാത്രമല്ല തെരുവിലിറങ്ങണം എന്ന വിധത്തിലുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ഹര്‍ത്താലിന് തീരുമാനമായത്. 14നാണ് 16ന് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. പിന്നീട് 14 ജില്ലകളിലും സമാനരീതിയില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്‌റ്റേഴ്‌സ് എന്നീ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരാണ് അറസ്റ്റിലായ മറ്റു നാലു പേരും. 14 ജില്ലാ ഗ്രൂപ്പുകളുമായി അമര്‍നാഥിന് നേരിട്ട് ബന്ധമുണ്ട്. ഇതിന് കീഴിലായി ഓരോ പ്രദേശത്തും നൂറുക്കണക്കിന് ഗ്രൂപ്പുകള്‍ രൂപീകരിച്ചതായും തെളിഞ്ഞു. ഈ ഗ്രൂപ്പുകളിലൂടെയാണ് ഹര്‍ത്താലും ആക്രമണവും ചര്‍ച്ചചെയ്തത്. അമര്‍നാഥ് രൂപീകരിച്ച രണ്ട് ഗ്രൂപ്പുകളിലെ മറ്റു അഡ്മിന്‍മാരെ കുറിച്ചും അന്വേഷിച്ചു വരികയാണ്.

RELATED STORIES

Share it
Top