ഹര്‍ത്താല്‍ ജില്ലയില്‍ ബന്ദായി

കണ്ണൂര്‍: ഇന്ധനവിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കാത്ത മോദി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍ വാഹനം തടയുകയോ നിര്‍ബന്ധിച്ച് കടയടപ്പിക്കുകയോ ചെയ്തില്ലെങ്കിലും അപൂര്‍വം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണു നിരത്തിലിറങ്ങിയത്. മെഡിക്കല്‍ ഷോപ്പുകളുള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. ഇന്ധനവിലവര്‍ധനവില്‍ ജനങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിക്കുന്നതായിരുന്നു ഹര്‍ത്താലിന്റെ പ്രതികരണം. പലയിടത്തും രാവിലെ മുതല്‍ തന്നെ വ്യാപാര സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തിയില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നിരക്ക് നാമമാത്രമായിരുന്നു. പൊതു-സ്വകാര്യ വിദ്യാലയങ്ങളൊന്നും തുറന്നുപ്രവര്‍ത്തിച്ചില്ല. വൈകീട്ടോടെയാണ് ഗ്രാമങ്ങളില്‍ പോലും കടകമ്പോളങ്ങള്‍ തുറന്നത്. വിവാഹം, മരണം, വിമാനത്താവളം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇന്ധനവിലവര്‍ധനവിനെതിരേ വിവിധ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും പ്രതിഷേധപരിപാടികള്‍ നടത്തി. യുഡിഎഫ് കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തിനു ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, സിഎംപി നേതാവ് സി എ അജീര്‍, കെ പ്രമോദ്, എം പി മുരളി, റിജില്‍ മാക്കുറ്റി, കെ പി താഹിര്‍, അഡ്വ. റഷീദ് കവ്വായി നേതൃത്വം നല്‍കി. എല്‍ഡിഎഫ് പ്രകടനത്തിനു ജില്ലാ ചെയര്‍മാന്‍ കെ പി സഹദേവന്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. സി പി സന്തോഷ് കുമാര്‍ നേതൃത്വം നല്‍കി. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ടയറുകള്‍ ഉരുട്ടിയും ജില്ലാ സ്വതന്ത്ര ലോറി ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് യൂനിയന്റെ ആഭിമുഖ്യത്തില്‍ ചരക്കുലോറി കെട്ടിവലിച്ചും പ്രതിഷേധിച്ചു.

RELATED STORIES

Share it
Top