ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു; ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനങ്ങള്‍

കോഴിക്കോട്: ജമ്മുകശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തുടരുന്ന പ്രതിഷേധം ഇന്നലെയും ജില്ലയെ പിടിച്ചുലച്ചു. സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ജനജീവിതത്തെ ബാധിച്ചു. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ ഗതാഗതം തടസപ്പെടുത്തി. ചിലയിടങ്ങളില്‍ ബലമായി കടകളടപ്പിച്ചു. കൊടുവള്ളിയില്‍ മാധ്യമ പ്രവര്‍ത്തകന് നേരെ കൈയേറ്റമുണ്ടായി. രാഷ്ട്രീയ പാര്‍ട്ടികളുടെയൊ സംഘടനകളുടെയൊ പിന്‍തുണയില്ലായിരുന്ന ഹര്‍ത്താല്‍ മിക്കയിടങ്ങളിലും യുവാക്കള്‍ ഒന്നടങ്കം രംഗത്തറങ്ങി വിജയിപ്പിക്കുകയായിരുന്നു. കോഴിക്കോട് നഗരത്തിലും ഹര്‍ത്താല്‍ ബാധിച്ചു.
ആഘോഷം പോലും മാറ്റിവച്ച് വിഷുദിനത്തിലും ഇന്നലെയും നഗരത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ ജാതി-മത കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി ജനങ്ങള്‍ തെരുവുകളെ കീഴടക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്പരം ആഹ്വാനം ചെയ്തും സംഘടനകളുടെ ബാനറിലും അല്ലാതെയും നടന്ന പ്രതിഷേധങ്ങള്‍ ഫാഷിസ്റ്റ് തേര്‍വാഴ്ചക്കെതിരായ താക്കീതായി മാറി. വിമണ്‍സ് ഇന്ത്യാ മൂവ്‌മെന്റ്, മുജാഹിദ് ഗേള്‍സ് മൂവ്‌മെന്റ്, ഗേള്‍സ് ഇന്ത്യാ ഓര്‍ഗനൈസേഷന്‍, എസ്‌കെഎസ്എസ്എഫ്, എസ്‌വൈഎസ്് വിവിധ വാട്‌സാപ്പ്- ഫേസ് ബുക്ക് കൂട്ടായ്മകള്‍, അന്വേഷി, വിങ്‌സ് കേരള  തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടന്ന ബഹുജന മുന്നേറ്റങ്ങളിലേറെയും യുവതി- യുവാക്കളായിരുന്നു. ജില്ലയിലെ മറ്റിടങ്ങളിലും ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. ചിലയിടങ്ങളില്‍ ഹര്‍ത്താലനുകൂലികളും വ്യാപാരികളും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.
അത്തോളി: രാവിലെ അത്തോളിയില്‍ ഒരു കൂട്ടം യുവാക്കള്‍ പ്രകടനം നടത്തുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. സ്റ്റേഷന് മുന്നില്‍ വാഹനം തടഞ്ഞ നാല് യുവാക്കളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. പോലിസ് സഹായത്താല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ച കടകള്‍ വ്യാപാരി നേതാക്കള്‍ ഇടപെട്ട് തുറപ്പിക്കുകയും വ്യാപാരികള്‍ ടൗണില്‍ പ്രകടനം നടത്തുകയും ചെയ്തു.
വാണിമേല്‍: ഒരു സംഘം യുവാക്കള്‍ കച്ചവട സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഇതോടെ ടൗണില്‍ നേരിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. വൈകുന്നേരം വ്യാപാരികള്‍ ടൗണില്‍ പ്രകടനം നടത്തി.
നരിക്കുനി: രാവിലെ കടകള്‍ സാധാരണ പോലെ തുറക്കുകയും ഏതാനും സ്വകാര്യബസ്സുകള്‍ നിരത്തിലിറങ്ങുകയും ചെയ്തിരുന്നു. പിന്നീട് കടകള്‍ അടച്ചു. നിരത്തിലിറങ്ങിയ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. ജനകീയ ഐക്യം എന്ന പേരില്‍ യുവാക്കള്‍ പ്രകടനം നടത്തി. പുല്ലാളൂരിലും സമരക്കാര്‍ ഗതാഗതം തടസപ്പെടുത്തി.
കുറ്റിയാടി: യൂത്ത് കോണ്‍ഗ്രസ് നരിക്കൂട്ടുംചാല്‍ ടൗണ്‍ കമ്മിറ്റി പ്രകടനം നടത്തി.
മുക്കം: ടൗണില്‍  കടകള്‍ സാധാരണപോലെ തുറന്നിരുന്നെങ്കിലും രാവിലെ 10 മണിയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ കടകളടപ്പിച്ചു. കൊയിലാണ്ടിഎടവണ്ണ സംസ്ഥാന പാതയില്‍ പലയിടങ്ങളിലും മരങ്ങള്‍ കൂട്ടിയിട്ടും ടയര്‍ കത്തിച്ചും  ഗതാഗതം തടസപ്പെടുത്തി.
കൊടുവള്ളി: ഹര്‍ത്താലിനെ അനുകൂലിച്ച്  പ്രകടനം നടത്തിയ നൂറോളം പേര്‍ക്കെതിരെ കേസെടുക്കുകയും 18 പേരെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തു. ഹര്‍ത്താലിനുകൂലികള്‍ക്കെതിരേ പോലിസ് രണ്ടു തവണ ഗ്രാനേഡ് എറിയുകയും പിരിഞ്ഞ് പോവാത്തതിനാല്‍ ലാത്തി വീശുകയും ചെയ്തു. എട്ടുവയസ്സുകാരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊടുവള്ളി ഡിവിഷന്‍ ജൂനിയര്‍ ഫ്രണ്ട്‌സ് നഗരത്തില്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് അഹമദ് യാസിന്‍, സാജീര്‍ അലി, ഡാനിഷ് അസ്—ലം, നജാത് അബ്ദുള്‍ഖാദര്‍  നേതൃത്വം നല്‍കി.
കുന്ദമംഗലം: ആസിഫയുടെ കൊലയില്‍ കാരന്തൂര്‍ മഹല്ല് ജമാഅത്ത് പ്രതിഷേധിച്ചു. മഹല്ല് പ്രസിഡന്റ് ബീരാന്‍ ഹാജി, സെക്രട്ടറി അബൂബക്കര്‍, ഖജാഞ്ചി മുഹമ്മദ് മാസ്റ്റര്‍ തടത്തില്‍, മഹല്ല് ഖത്തീബ് മുനീര്‍ ഫൈസി, ടൗണ്‍ പള്ളി ഇമാം റാഷിദ് യമാനി നേതൃത്വം നല്‍കി.
ബേപ്പൂര്‍: നടുവട്ടം സൗഹൃദ കൂട്ടായ്മ വായ്മൂടിക്കെട്ടി പ്രതിഷേധം പ്രകടനം നടത്തി. കറുത്ത കുപ്പായം ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി വയലറ്റ് റിബണ്‍ കൊണ്ട് വായമൂടിക്കെട്ടിയായിരുന്നു പ്രതിഷേധം. നടുവട്ടം പള്ളിക്ക് മുന്‍വശത്ത് നിന്ന് തുടങ്ങിയ റാലി മാത്തോട്ടം പാലത്തിന് സമീപം സമാപിച്ചു.
കുറ്റിക്കാട്ടൂര്‍: ഹര്‍ത്താലില്‍ കുറ്റിക്കാട്ടൂര്‍, കുന്ദമംഗലം, മെഡിക്കല്‍ കോളജ് കുറ്റിക്കാട്ടൂര്‍ വഴി പന്തീരാങ്കാവ്, കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ്സുകള്‍ ഓടിയില്ല. വൈകിട്ട് ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ആനക്കുഴിക്കര അങ്ങാടിയില്‍ പ്രകടനം നടത്തി. എന്‍ ഉസ്്മാന്‍, ടി ടി ജാഫര്‍, പി പി ശറഫുദ്ദീന്‍, എം എന്‍ റൂബിഷ് നേതൃത്വം നല്‍കി.
കൊയിലാണ്ടി: കശ്മീര്‍ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയിലും ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങള്‍ ഭാഗികമായി മാത്രമാണ് റോഡിലിറങ്ങിയത്. വൈകീട്ട് കൊയിലാണ്ടി ടൗണില്‍ എസ് വൈ എസും മുസ്്‌ലിം കൂട്ടായ്മയും പ്രകടനം നടത്തി. നൂറ് കണക്കിന് ആളുകളാണ് പ്രകടനത്തില്‍ പങ്കാളികളായത്.

RELATED STORIES

Share it
Top